തിരുവനന്തപുരം > സിൽവർ ലൈൻ അർധ അതിവേഗ പാതയ്ക്ക് ഭൂമി ഏറ്റെടുക്കുന്നത് കമ്പോളവിലയേക്കാൾ കൂടുതൽ തുകയ്ക്ക്. നോട്ടിഫിക്കേഷനുശേഷം പ്രതിവർഷം 12 ശതമാനം നഷ്ടപരിഹാരം നൽകണമെന്നും പദ്ധതിരേഖയിൽ നിർദേശിക്കുന്നു. തിരൂർമുതൽ തിരുവനന്തപുരംവരെയുള്ള മേഖലയിലാണ് സ്വകാര്യഭൂമി കൂടുതൽ ഏറ്റെടുക്കുന്നത്.
ഭൂമി വിട്ടുനൽകേണ്ട ഉടമകളെ തെറ്റിദ്ധരിപ്പിക്കുംവിധം ഏതാനും മാധ്യമങ്ങളും പ്രതിപക്ഷ പാർടികളും പ്രചരിപ്പിക്കുന്നതല്ല വസ്തുതയെന്ന് കെ –- റെയിൽ സംക്ഷിപ്ത പദ്ധതിരേഖ വ്യക്തമാക്കുന്നു. ഭൂമി ഏറ്റെടുക്കുന്നതിന് വില നിശ്ചയിക്കാൻ നഗര, ഗ്രാമ പ്രദേശങ്ങൾക്കായി പ്രത്യേക ഫോർമുലയുണ്ടാക്കിയിട്ടുണ്ട്. ഇതുപ്രകാരം നഗരം, നഗര സമീപം, ഗ്രാമം എന്നിങ്ങനെ തിരിച്ച് അർഹമായ തുക ഏവർക്കും ലഭിക്കുംവിധമാണ് കണക്കാക്കിയത്. സ്ഥലത്തിന്റെ വിലയോടൊപ്പം കെട്ടിടങ്ങൾ, വൃക്ഷങ്ങൾ മറ്റ് വിലപിടിപ്പുള്ളവ എന്നിവയ്ക്കും നിശ്ചിത വിലയിടും.
ഭാവിയിൽ കിട്ടാവുന്ന വിലകൂടി കണക്കാക്കിയാണ് ഏറ്റെടുക്കൽ വില നിശ്ചയിക്കുക. ഇതുകൂടാതെ സ്ഥലം നോട്ടിഫൈ ചെയ്ത് ഉത്തരവിറങ്ങുന്ന നാൾമുതൽ പൂർണമായും ഏറ്റെടുക്കുന്നതുവരെയുള്ള സമയത്തിന് പ്രതിവർഷം 12 ശതമാനം നഷ്ടപരിഹാരവും നൽകും. എൽഡിഎഫ് സർക്കാർ ഇതിനകം നടപ്പാക്കിയ വൻകിട പദ്ധതികൾക്ക് ഭൂമി വിട്ടുനൽകിയവർക്കെല്ലാം മതിയായ നഷ്ടപരിഹാരവും പുനരധിവാസവും നൽകിയിരുന്നു.
നടപ്പാകില്ലെന്നു കരുതിയ ദേശീയപാത വികസനമടക്കം ജനങ്ങളുടെ സഹകരണത്തോടെ മുന്നോട്ടു പോകുന്നതും അവരെ കണ്ണീർ കുടിപ്പിക്കാതെ പദ്ധതികൾ നടപ്പാക്കുന്നതുകൊണ്ടാണ്.