സംഭവത്തിൽ കോവളം സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ഷാജിയെ സസ്പെന്റ് ചെയ്തു. സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. വിഷയത്തിൽ വിശദമായ അന്വേഷണത്തിന് നിർദേശമുണ്ട്. എസ്ഐയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടോയെന്ന് പരിശോധിക്കും.
സ്വീഡിഷ് പൗരനെ തടഞ്ഞുനിര്‍ത്തി അപമാനിച്ച സംഭവം വിവാദമായതിനെത്തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപിയിൽ നിന്നും വിശദീകരണം തേടിയിരുന്നു. ഇതിനു പിന്നാലെയാണ് ഗ്രേഡ് എസ്ഐക്കെതിരെ നടപടി സ്വീകരിച്ചത്. സര്‍ക്കാരിന് ഒപ്പം നിന്ന് അള്ള് വെക്കുന്നവരെ കണ്ടെത്തണമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് മുഖ്യമന്ത്രി ഇടപെട്ടത്.
കോവളത്തെ സ്വകാര്യ ഹോട്ടലില്‍ നാലു വര്‍ഷമായി താമസിക്കുന്ന സ്വീഡന്‍ സ്വദേശി സ്റ്റീവ് ആസ്‌ബെര്‍ഗിനാണ് കോവളം പോലീസിൽ നിന്ന ദുരനുഭവം ഉണ്ടായത്. കേരളാ പോലീസിൽ നിന്നും ഇത്തരമൊരു അനുഭവം പ്രതീക്ഷിച്ചിരുന്നില്ലെന്ന് സ്റ്റീവ് പറഞ്ഞിരുന്നു. മൂന്ന് കുപ്പി മദ്യം കൈവശമുണ്ടായിരുന്നുവെങ്കിലും ബിൽ ഇല്ലാതിരുന്നതിനാൽ മദ്യം കൊണ്ടുപോകാൻ പോലീസ് സമ്മതിച്ചില്ല. തന്‍റെ നിരപരാധിത്വം വ്യക്തമാക്കാനാണ് മദ്യം റോഡരികിൽ ഒഴിച്ചു കളഞ്ഞതെന്നാണ് അദ്ദേഹം പറയുന്നത്.