ഒരു ടൂറിസ്റ്റിന് ഇങ്ങനെ ഒരു അനുഭവം ഉണ്ടായാൽ കേരളത്തിലെ സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും ചർച്ചയകുന്നതിലല്ല, വിദേശികളായ ഇവരുടെ നാട്ടിൽ ഇക്കാര്യം ചർച്ചയാകുന്നതോടെ നമ്മൾ ഇവിടെ നടത്തുന്ന പ്രചാരണം മുഴുവൻ വെള്ളത്തിലാകും. ലോകത്ത് ഒരിടത്തും ഇങ്ങനെ മദ്യം വാങ്ങേണ്ട ഗതികേട് ഉണ്ടാവില്ലെന്നും സന്തോഷ് ജോർജ് വ്യക്തമാക്കി.
കേരളത്തിലെ ഒരു ബിവറേജസ് കോർപ്പറേഷന് മുന്നിൽ ക്യൂവിൽ വെയിൽ കൊണ്ട് മദ്യം വാങ്ങുക എന്ന പ്രാകൃത ചടങ്ങ് വേറെ ഒരിടത്തും ഉണ്ടാകില്ല. കേരളത്തിൻ്റെ മദ്യ സംസ്കാരത്തിൽ മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പോലീസ് പരിശോധനയെ തുടർന്ന് ബെവ്കോ ഔട്ട്‌ലെറ്റിൽ നിന്നും വാങ്ങിയ മദ്യം സ്വീഡിഷ് പൗരൻ സ്റ്റീവ് ആസ് ബർഗിന് ഒഴിച്ചു കളയേണ്ടി വന്ന സംഭവത്തിൽ കോവളം പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐയെ സസ്പെൻഡ് ചെയ്തു. ഡിജിപി അനിൽ കാന്തിൻ്റെ നിർദേശത്തിലാണ് നടപടി. ബെവ്കോ ഔട്ട്‌ലെറ്റിൽ നിന്നും വാങ്ങിയ മദ്യമാണ് സ്റ്റീവിൻ്റെ കൈവശമുള്ളതെന്ന് മനസിലാക്കിയിട്ടും അദ്ദേഹത്തെ തടഞ്ഞുവെച്ച് ഗുരുതര പിഴവാണെന്നാണ് പ്രാഥമിക കണ്ടെത്തൽ. സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപിയോട് റിപ്പോർട്ട് തേടി. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് അനില്‍കാന്ത് നിര്‍ദേശം നല്‍കിയിരുന്നത്.
കോവളത്തെ സംഭവം ദൗർഭാഗ്യകരമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് വ്യക്തമാക്കി. “പോലീസിൻ്റെ ഭാഗത്ത് നിന്നുമുണ്ടായ നടപടി ദൗർഭാഗ്യകരമാണ്. സംസ്ഥാനത്തെ ടൂറിസം രംഗത്തിന് ഇത്തരത്തിലുള്ള സമീപനം തിരിച്ചടിയാകും. സർക്കാരിൻ്റെ നയമല്ല ഇത്. സര്‍ക്കാരിന്റെ ഒപ്പം നിന്ന് അള്ള് വയ്ക്കുന്ന നടപടി അനുവദിക്കില്ല. സംഭവത്തില്‍ ആഭ്യന്തര വകുപ്പ് നടപടി എടുക്കട്ടെ” – എന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ചയാണ് പോലീസ് പരിശോധനയെ തുടർന്ന് ബെവ്കോ ഔട്ട്‌ലെറ്റിൽ നിന്നും വാങ്ങിയ മദ്യം സ്റ്റീവ് ഒഴിച്ചു കളഞ്ഞത്.
ബെവ്കോ ഔട്ട്‌ലെറ്റിൽ നിന്നും മദ്യം വാങ്ങി സ്കൂട്ടറിൽ മടങ്ങുന്നതിനിടെ റോഡിൽ പരിശോധന നടത്തുകയായിരുന്ന പോലീസ് സ്റ്റീവിനെ തടയുകയായിരുന്നു. പോലീസ് നടത്തിയ പരിശോധനയിൽ സ്റ്റീവിൻ്റെ ബാഗിൽ നിന്നും മദ്യക്കുപ്പികൾ കണ്ടെത്തി. ബെവ്കോ ഔട്ട്‌ലെറ്റിൽ നിന്നും വാങ്ങിയ മദ്യമാണെന്ന് ഇയാൾ പറഞ്ഞെങ്കിലും ബിൽ കാണിക്കണമെന്ന് പോലീസ് പറഞ്ഞതോടെയാണ് പ്രശ്നം ആരംഭിച്ചത്.
വാങ്ങിയ മദ്യത്തിൻ്റെ ബിൽ കാണിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും ബിൽ കൈവശമില്ലെന്ന് സ്റ്റീവ് പോലീസിനോട് പറഞ്ഞു. ബിൽ ഇല്ലാതെ മദ്യം കൊണ്ട് പോകാൻ കഴിയില്ലെന്ന് പോലീസ് വ്യക്തമാക്കിയതോടെ വാങ്ങിയ മദ്യക്കുപ്പികളിലൊന്ന് സ്റ്റീവ് റോഡരികിൽ ഒഴിച്ചു കളയുകയായിരുന്നു. ഇതിനിടെ സമീപത്തുള്ളവർ സംഭവം മൊബൈൽ ഫോണിൽ പകർത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പോലീസ് നിലപാട് മാറ്റി. മദ്യം കളയേണ്ടതില്ലെന്നും ബെവ്കോ ഔട്ട്‌ലെറ്റിൽ നിന്നുള്ള ബിൽ ഹാജരാക്കിയാൽ മതിയെന്നും പോലീസ് അറിയിച്ചു. എന്നാൽ, വാങ്ങിയ രണ്ട് കുപ്പി മദ്യവും സ്റ്റീവ് റോഡരികിൽ ഒഴിച്ചു കളയുകയായിരുന്നു. മദ്യം ഒഴിച്ചുകളഞ്ഞ ശേഷം നിരപരാധിത്യം പോലീസിനെ ബോധ്യപ്പെടുത്താൻ തിരികെ കടയിൽ പോയി ബിൽ വാങ്ങി പോലീസിന് മുന്നിൽ ഹാജരാക്കുകയും ചെയ്തു.