തിരുവനന്തപുരം: വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഗവർണർക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വി.സിരാജിവെക്കാൻ തയ്യാറായില്ലെങ്കിൽ നിയമപരമായി പുറത്താക്കാനുള്ള നടപടികൾ ചാൻസലർ എടുക്കണം. എന്നാൽ ചാൻസലർ പദവി ഏറ്റെടുക്കില്ല എന്നാണ് ഗവർണർ പറയുന്നതെന്നും ഇത് പറയാനുള്ള അധികാരം ഗവർണർക്ക് ഇല്ലെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.
ചാൻസലർ പദവി ഏറ്റെടുക്കില്ല എന്ന് പറയാനുള്ള അധികാരം ഗവർണക്ക് ഇല്ല. കേരള നിയമസഭ നിയമമുണ്ടാക്കി കേരളത്തിലെ ഗവർണക്ക് നിയമപരമായികൊടുത്തതാണ് ചാൻസലർ പദവി. നിയമസഭ ഭേദഗതി വരുത്താതെ ചാൻസിലർക്ക് അതിൽ നിന്ന് ഒഴിയാൻ സാധിക്കില്ല.
ആദ്യം ഹൈക്കോടതിയിൽ ഇതു സംബന്ധിച്ച് ഒരു കേസ് വന്നു. ആ കേസിൽ നൽകിയ സത്യവാങ്മൂലത്തിൽ വി.സിയുടെ പുനർ നിയമനം ശരിയാണെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ അദ്ദേഹം ഈ കാര്യം പുറത്ത് തിരുത്തി. രണ്ടാമത് ഡിവിഷൻ ബെഞ്ചിൽ കേസ് വന്നപ്പോൾ അദ്ദേഹത്തിന് നോട്ടീസ് വന്നു. ഇപ്പോഴത്തെ അദ്ദേഹത്തിന്റെ നിലപാടനുസരിച്ച് തെറ്റാണ് എന്ന് വേറൊരു സത്യവാങ്മൂലം നൽകണം.
ഹൈക്കോടതിയുടെ മുമ്പിൽ സിംഗിൾ ബെഞ്ചിന്റേയും ഡിവിഷൻ ബെഞ്ചിന്റേയും പരസ്പര വിരുദ്ധമായ ഘടക വിരുദ്ധമായ രണ്ട് സത്യവാങ്മൂലം കൊടുത്തു എന്നതിന്റെ പേരിൽ ഗവർണർ പരിഹാസ പാത്രമാകും. ഇതിൽ നിന്ന് ഒഴിയാൻ വേണ്ടിയിട്ടാണ് ഈ ചാൻസിലർ പദവി ഏറ്റെടുക്കില്ലെന്നും നോട്ടീസ് സർക്കാരിലേക്ക് നൽകണമെന്നും അറിയിച്ചത്. ഇത് അദ്ദേഹത്തിന്റെ കൗശലമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
Content Highlights: Governor have no right to refuse Chancellor post says V.D.Satheesan