മകളുമായുള്ള അടുപ്പവും അനീഷ് വീട്ടിൽ എത്തുന്നതും സൈമണിനെ പ്രകോപിപ്പിച്ചിരുന്നു. ദിവസങ്ങൾ നീണ്ട ആലോചനയ്ക്കൊടുവിലാണ് അനീഷിനെ ആക്രമിക്കാൻ സൈമൺ തീരുമാനിച്ചത്. ക്രിസ്മസിന് തലേന്ന് രാത്രി മകളെ കാണാൻ അനീഷ് എത്തുമെന്ന് കരുതി ആയുധമടക്കമുള്ള വസ്തുക്കളുമായി ഇയാൾ രാത്രി കാത്തിരുന്നുവെങ്കിലും യുവാവ് എത്തിയില്ല. സംഭവദിവസം വീട്ടിലെത്തിയ അനീഷിനെ തടഞ്ഞുവെച്ച സൈമൺ നെഞ്ചിലും മുതുകിലും കുത്തുകയായിരുന്നു. ഭാര്യയും മകളും എതിർത്തിട്ടും ഇയാൾ അനീഷിനെ ആക്രമിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
കുത്തേറ്റ് അനീഷ് വീണതിന് പിന്നാലെ സൈമൺ സമീപത്തെ പേട്ട പോലീസ് സ്റ്റേഷനിൽ എത്തി വിവരം ധരിപ്പിച്ചു. കുത്താൻ ഉപയോഗിച്ച കത്തി വീട്ടിലെ വാട്ടർ മീറ്റർ ബോക്സിൽ ഒളിപ്പിച്ച ശേഷമാണ് ഇയാൾ പോലീസ് സ്റ്റേഷനിലേക്ക് പോയത്. വിവരമറിഞ്ഞ പോലീസ് എത്തി അനീഷിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു.
ചൊവ്വാഴ്ച രാത്രി അനീഷിൻ്റെ മൊബൈൽ ഫോണിൽ നിന്നും രാത്രി 1.37വരെ പെൺസുഹൃത്തിൻ്റെ ഫോണിലേക്ക് കോളുകൾ വന്നിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന് ശേഷമായിരിക്കാം അനീഷ് വീട്ടിലേക്ക് എത്തിയത്. വീട്ടിലെത്തിയ അനീഷുമായി സൈമൺ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരിക്കാമെന്ന് പോലീസ് കരുതുന്നുണ്ട്. ഇതിനിടെയാകാം പ്രതി യുവാവിനെ കുത്തിയത്. ഇത്തരത്തിൽ ആക്രമണം ഉണ്ടാകുമെന്ന പ്രതീക്ഷയില്ലാതിരുന്നതിനാൽ അനീഷിന് പ്രതിരോധിക്കാനായില്ല. കുത്തേറ്റതിന് പിന്നാലെ രക്ഷപ്പെടാൻ ശ്രമിച്ച അനീഷിൻ്റെ പിറകിലും കുത്തിയെന്നാണ് അന്വേഷണസംഘം കരുതുന്നത്.
സംഭവത്തിൽ ഭാര്യയും മകളും സൈമണിനെതിരെ മൊഴി നൽകിയിട്ടുണ്ടെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൈമൺൻ്റെ കുടുംബത്തെയും അനീഷിൻ്റെ കുടുംബത്തെയും വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനത്തിലാണ് പോലീസ്. ഇവർ മുൻപ് നൽകിയ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യുന്നത്.