തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയെ വിമർശിക്കുന്ന പ്രതിപക്ഷത്തിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ലൈഫ് പദ്ധതിയേയും സൗജന്യ കിറ്റ് വിതരണത്തേയും പൊളിക്കാനിറങ്ങി കൈപൊള്ളിയ പ്രതിപക്ഷം സിൽവർ ലൈനിനെതിരെ ഗൂഢപ്രവർത്തനങ്ങൾ നടത്തുന്നു. ഉച്ചയുറക്കത്തിൽ പകൽക്കിനാവ് കണ്ട് അവതരിപ്പിക്കുന്ന പദ്ധതിയല്ല സിൽവർ ലൈൻ പദ്ധതിയെന്ന് കോടിയേരി ബാലകൃഷ്ണൻ പാർട്ടി മുഖപത്രത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.
അർധ അതിവേഗപാത വന്നാൽ എൽഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് ജനങ്ങൾക്ക് സംസ്ഥാനത്തിന്റെ ഒരറ്റത്തുനിന്ന് മറ്റൊരു അറ്റത്തേക്ക് എത്താൻ സാധിക്കും. അത് ഭാവിയിൽ യുഡിഎഫ് – ബിജെപി ബഹുജനാടിത്തറയിൽ ചോർച്ചയുണ്ടാക്കുമെന്ന ആശങ്കയാണ് വി. ഡി. സതീശൻ ഉൾപ്പെടെയുള്ളവരെ സർക്കാർവിരുദ്ധ സമരത്തിന് പ്രേരിപ്പിക്കുന്നത്.
ഇടതുപക്ഷം ഭരിക്കുമ്പോൾ കേരളം അത്രമേൽ വളരേണ്ട എന്ന മനോഭാവത്തിലാണ് മോദി ഭരണം. അതുകൊണ്ടാണ്, സിൽവർലൈൻ പദ്ധതിയെ ആദ്യം പിന്തുണച്ച കേന്ദ്രം ഇപ്പോൾ ചുവടുമാറ്റിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന യുപിയുംമോദിയുടെ സംസ്ഥാനമായ ഗുജറാത്തുംഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കേന്ദ്രസർക്കാർ എത്ര ആയിരം കോടി രൂപയുടെ അതിവേഗ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈ – അഹമ്മദാബാദ് ഹൈസ്പീഡ് ലൈൻ നിർമാണത്തിലാണ്. വാരാണസിയിലേക്ക് പുതിയ അതിവേഗപാത വരുന്നു. ഇത്തരത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ മുൻകൈയിൽ 18 പുതിയ ലൈൻ. അതിൽ കേരളമില്ലെന്നും കോടിയേരി ലേഖനത്തിൽ പറയുന്നു.
കേന്ദ്രം യുപിയിൽ ഉൾപ്പെടെ നടപ്പാക്കുന്ന അതിവേഗ റെയിൽ പദ്ധതികൾക്കെതിരെ രാഹുലോ പ്രിയങ്കയോ കോൺഗ്രസ് നേതാക്കളോ ഒരു സത്യഗ്രഹവും നടത്തുന്നില്ല. കേന്ദ്ര അവഗണനയെ സ്വന്തം പദ്ധതികൊണ്ട് ചെറുക്കുന്ന കേരള സർക്കാരിനെ പിന്തുണയ്ക്കേണ്ടത് ആത്മാഭിമാനമുള്ള ഓരോ കേരളീയന്റെയും കടമയാണ്.
പ്രതിപക്ഷ ചേരിയിൽത്തന്നെയുള്ള ചിലർ ആരോഗ്യകരമായ ചില സംശയങ്ങളും ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളിലെല്ലാം ആശയവിനിമയം നടത്തി കേരളത്തെ ഒന്നിച്ചു കൊണ്ടുപോയി വികസനപദ്ധതി നടപ്പാക്കാനാണ് എൽഡിഎഫ് സർക്കാരിന് താൽപ്പര്യം. അതിനുവേണ്ടിയാണ് മുഖ്യമന്ത്രി നേതൃത്വംനൽകി വ്യത്യസ്ത ജനവിഭാഗങ്ങളുടെ പ്രതിനിധികളുമായി ആശയവിനിമയ സംഗമങ്ങൾ നടത്താൻ പോകുന്നതെന്നും കോടിയേരി ലേഖനത്തിൽ പറയുന്നു.
Content Highlights: Kodiyeri balakrishnan article about k rail