ഇന്നലെ ആരംഭിച്ച ജില്ലാ സമ്മേളനത്തിലാണ് സെക്രട്ടറി എസ് സുദേവൻ ചാത്തന്നൂരിലെ ബിജെപിയുടെ വളർച്ചയെക്കുറിച്ച് പരാമർശം നടത്തിയത്. കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും മണ്ഡലത്തിൽ വളർച്ച കൈവരിച്ചു. ചാത്തന്നൂരിൽ 71 ബൂത്തുകളിൽ ഒന്നാമതും 113 ഇടത്ത് രണ്ടാം സ്ഥാനത്തും എത്തിയിട്ടുണ്ടെന്നും ഇത് ഗൗരവമേറിയ കാര്യമാണെന്നുമാണ് റിപ്പോർട്ട്.
Also Read :
ബിജെപിയുടെ ഈ വളർച്ച ബൂത്ത് അടിസ്ഥാനത്തിൽ പ്രത്യേകം പരിശോധിക്കണമെന്നാണ് റിപ്പോർട്ട് ആവശ്യപ്പെടുന്നത്. അതേസമയം മണ്ഡലത്തിൽ കള്ളപ്പണ ഇടപാടുകൾ നടന്നിരുന്നെന്നും ഇതര സംസ്ഥാന വാഹനങ്ങൾ പ്രചാരണത്തിനെത്തിയെന്ന ആരോപണവും സിപിഎം ഉയർത്തുന്നുണ്ട്. ഈ വിഷയങ്ങളിൽ പരാതി കൊടുത്ത് നടപടിയെടുപ്പിക്കാൻ കഴിഞ്ഞില്ലെന്ന വിമർശനവും സിപിഎം നേതൃത്വം ഉയർത്തുന്നു.
ചാത്തന്നൂരിൽ ബിജെപി മികച്ച പ്രചാരണം നടത്തിയതോടെ ഒരുഘട്ടത്തിൽ ബിജെപി ജയിക്കുമെന്ന പ്രതീതി ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞു. ഇത് ഇടത് വോട്ടുകളും ബിജെപിയിലേക്ക് പോകുന്ന സാഹചര്യം സൃഷ്ടിച്ചെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്.
Also Read :
സിപിഐഎം കൊല്ലം ജില്ലാ സമ്മേളനം കൊട്ടാരക്കര വാളകം പ്രതീക്ഷ കണ്വെന്ഷന് സെന്ററിലാണ് നടക്കുന്നത്. പൊളിറ്റ് ബ്യുറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയാണ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തത്. ഞായറാഴ്ച്ച വൈകിട്ട് 4.30ന് കൊട്ടാരക്കരയില്‍ നടക്കുന്ന പൊതുസമ്മേളനത്തോടെ സമ്മേളനം സമാപിക്കും. പൊതു സമ്മേളനം പിബി അംഗവും സിപിഐഎം സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും.