തിരുവനന്തപുരം
റസിഡന്റ്സ് അസോസിയേഷനുകൾക്കും അവയുടെ ഉപരി സമിതികൾക്കും തദ്ദേശ സ്ഥാപനങ്ങളിൽ രജിസ്ട്രേഷൻ നിർബന്ധമാക്കുന്നു. സർക്കാർ നിർദേശപ്രകാരം 2021ലെ ‘കേരള റസിഡന്റ്സ് അസോസിയേഷൻസ് (രജിസ്ട്രേഷൻ ആൻഡ് റഗുലേഷൻ) കരട് ബിൽ ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്കരണ കമീഷൻ തയ്യാറാക്കി. അസോസിയേഷനുകൾക്ക് നിയമപരിരക്ഷയും സഹായവും ഉറപ്പാക്കുന്ന കരട് ബിൽ സർക്കാർ പരിശോധനയിലാണ്. നിയമം പ്രാബല്യത്തിൽവന്നാൽ വഴിവിട്ട് പ്രവർത്തിക്കുന്നവയെ തദ്ദേശ സ്ഥാപനങ്ങൾക്ക് നിയന്ത്രിക്കാനാകും. റസിഡന്റ്സ് അസോസിയേഷനുകളുമായും ചർച്ച ചെയ്താണ് കരട് ബിൽ തയ്യാറാക്കിയത്. ബില്ലിൽ സാമ്പത്തികസഹായ പദ്ധതികളുൾപ്പെടെ പരിഗണിക്കും. നിലവിൽ സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്താണ് അസോസിയേഷനുകളുടെ പ്രവർത്തനം. പദവികൾ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനാലാണ് പുതിയ നിയമത്തിന് സർക്കാർ ആലോചിച്ചത്.
കരട് ബില്ലിൽ ഉള്ളത്
എല്ലാ റസിഡന്റ്സ് അസോസിയേഷനും നിർബന്ധമായും തദ്ദേശഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യണം.
തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാരാകും രജിസ്ട്രേഷൻ ഓഫീസർ
മാനേജിങ് കമ്മിറ്റിയെ വോട്ടെടുപ്പിലുടെ തെരഞ്ഞെടുക്കണം
നിയമാവലി നിർബന്ധം
ഫണ്ട് ശേഖരണം നിയമാവലി പ്രകാരംമാത്രം
പരാതി പരിഹാര സംവിധാനം വേണം