ന്യൂഡൽഹി
കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ശക്തമായ എതിർപ്പിനെത്തുടർന്ന് തുണിത്തരങ്ങളുടെ ജിഎസ്ടി നിരക്ക് ജനുവരി ഒന്നുമുതൽ അഞ്ച് ശതമാനത്തിൽനിന്ന് 12 ശതമാനമായി ഉയർത്താനുള്ള തീരുമാനം ജിഎസ്ടി കൗൺസിൽ യോഗം മരവിപ്പിച്ചു. നിരക്കിൽ മാറ്റം വരുത്തണോയെന്ന് പരിശോധിക്കാൻ ജിഎസ്ടി നിരക്ക് നിശ്ചയിക്കൽ സമിതിക്ക് വിട്ടു. സമിതി ഫെബ്രുവരിയിൽ റിപ്പോർട്ട് സമർപ്പിക്കും. അടുത്ത ജിഎസ്ടി കൗൺസിൽ യോഗം വിഷയം വീണ്ടും പരിഗണിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു.
ചെരുപ്പിന് വിലകൂടും
ആയിരം രൂപയ്ക്ക് താഴെ വിലയുള്ള പാദരക്ഷകളുടെ ജിഎസ്ടി നിരക്ക് അഞ്ചിൽനിന്ന് പന്ത്രണ്ട് ശതമാനമാക്കിയതും സർക്കാർ ഏജൻസികളുടെ വിവിധ പ്രവൃത്തി കരാറുകൾക്കുള്ള ജിഎസ്ടി പന്ത്രണ്ടിൽനിന്ന് പതിനെട്ട് ശതമാനമാക്കിയതും കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ എതിർത്തു. എന്നാൽ, സാധാരണക്കാരെ ബാധിക്കുന്ന നിർദേശമടക്കം ഈ രണ്ട് നികുതി നിരക്കിലും മാറ്റം വരുത്താൻ ജിഎസ്ടി കൗൺസിൽ തയ്യാറായില്ല. ആയിരം രൂപയിൽ താഴെയുള്ള പാദരക്ഷകൾക്ക് ശനിയാഴ്ച മുതൽ 12 ശതമാനം ജിഎസ്ടി നിരക്ക് പ്രാബല്യത്തിലാകുന്നതോടെ വിലകൂടും. ഇതുവരെ 1000 രൂപയിൽ കൂടുതൽ വിലയുള്ള ചെരുപ്പുകൾക്കുമാത്രമായിരുന്നു 12 ശതമാനം ജിഎസ്ടി ബാധകം.
കൃഷി ഉപകരണങ്ങളടക്കം പല പുതിയ മേഖലകളിലും ജിഎസ്ടി വർധിപ്പിക്കാനുള്ള നീക്കത്തോട് കേരളം എതിർപ്പ് പ്രകടിപ്പിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സാധാരണക്കാർക്കും കർഷകർക്കും ദോഷകരമാകുന്ന ഇത്തരം ജിഎസ്ടി നിരക്ക് വർധന ശുപാർശകളെല്ലാം വിശദമായി പരിശോധിക്കണമെന്ന് ജിഎസ്ടി നിരക്ക് നിശ്ചയിക്കൽ മന്ത്രിസമിതി അംഗംകൂടിയായ ബാലഗോപാൽ പറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാര കാലയളവ് അഞ്ചുവർഷംകൂടി നീട്ടണമെന്ന ആവശ്യം കേരളം യോഗത്തിൽ ആവർത്തിച്ചു.