കൊച്ചി: സിൽവർ ലൈൻ എത്ര മാത്രം ജനവിരുദ്ധ പദ്ധതിയാണെന്ന് വിശദ പദ്ധതി രേഖയുടെ ചില പേജുകൾ പുറത്തുവന്നപ്പോൾ വ്യക്തമായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിൽവർ ലൈൻ ലാഭകരമാക്കണമെങ്കിൽ കേരളത്തിലെ ദേശീയ പാതകളൊന്നും വികസിപ്പിക്കരുതെന്നാണ് ഡി.പി.ആറിൽ പറയുന്നത്. സാധാരണ ട്രെയിനുകളിലെ സെക്കൻഡ് -തേർഡ് ക്ലാസ് എ.സി ടിക്കറ്റ് നിരക്കുകൾ കൂട്ടിയില്ലെങ്കിൽ സിൽവർ ലൈൻ നഷ്ടത്തിലാകുമെന്നും പറയുന്നു. ബസ് ചാർജ് കൂട്ടിയില്ലെങ്കിൽ സിൽവർ ലൈനിൽ ആളുണ്ടാകില്ലെന്നും റോഡുകളിലെ ടോൾ നിരക്കുകൾ കൂട്ടണമെന്നും ഡി.പി.ആറിൽ പറയുന്നുണ്ട്.
അക്ഷരാർഥത്തിൽ വരേണ്യവർഗത്തിനു വേണ്ടി മാത്രമുള്ള പദ്ധതിയായി സിൽവർ ലൈൻ മാറുകയാണ്. ഇതുപോലൊരു പദ്ധതി നടപ്പാക്കാൻ കമ്മ്യൂണിസ്റ്റുകാരെന്നും ഇടതുപക്ഷമെന്നും അഭിമാനിച്ചു നടക്കുന്ന ഈ സർക്കാരിന് കഴിയുമോ? ഇതൊരു ജനവിരുദ്ധ പദ്ധതിയാണെന്ന് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ഡി.പി.ആറിന്റെ ഏതാനും പേജുകളിൽ തന്നെ വ്യക്തമാണെന്നും അദ്ദേഹം കൊച്ചിയിൽ പറഞ്ഞു.
കേരളത്തിന്റെ തലയ്ക്കു മീതേ കടബാധ്യതയുണ്ടാക്കി വരാനിരിക്കുന്ന തലമുറയ്ക്കു പോലും കടംകൊണ്ട് ജീവിക്കാൻ കഴിയാത്ത അവസ്ഥയുണ്ടാക്കുന്ന പദ്ധതിയാണിത്. ജനവിരുദ്ധമായ ഈ പദ്ധതിയുമായി എന്തിനാണ് മുന്നോട്ടു പോകുന്നത്? ഇത് ഇടതുപക്ഷമാണോ അതോ വലതുപക്ഷ സർക്കാരാണോ? ആസൂത്രണ പ്രക്രിയയിൽനിന്നും പ്രോജക്ടുകളിലക്ക് മാറുന്ന മോദിയുടെ അതേ വലതുപക്ഷ സമീപനമാണ് കേരളത്തിലെ സർക്കാരിനുമുള്ളത്. പ്രോജക്ട് എന്നത് ഒരു വലതുപക്ഷ ലൈനാണ്. അവിടെ അടിസ്ഥാന വർഗത്തിന്റെ പ്രശ്നങ്ങളെ പരിഗണിക്കുന്നതേയില്ല. കോർപറേറ്റ് ആഭിമുഖ്യം ഇടതു സർക്കാരിനെ പോലും സ്വാധീനിക്കുന്നുണ്ടെന്നതാണ് ഈ പദ്ധതിക്കു വേണ്ടി കാട്ടുന്ന പിടിവാശിയിൽനിന്നുവ്യക്തമാകുന്നത്. മുഖ്യമന്ത്രി ഓരോ ജില്ലകളിലും സമ്പന്നൻമാരെ കാണാനാണ് എത്തുന്നത്. അവർക്കു വേണ്ടിയുള്ള ഈ പദ്ധതി കേരളത്തിന്റെ സമ്പദ് വ്യവസ്ഥ താറുമാറാക്കുമെന്നും സതീശൻ വിമർശിച്ചു.
ഇതു പോലുള്ള രഹസ്യങ്ങൾ ഉള്ളതുകൊണ്ടാണ് ഇത്രകാലവും ഡി.പി.ആർ. ഒളിപ്പിച്ചു വച്ചത്. ഇപ്പോൾ വിവാദ പരാമർശങ്ങൾ ഒഴിവാക്കി ഡി.പി.ആർ പോളിഷ് ചെയ്ത് ഇറക്കാനുള്ള തയാറെടുപ്പിലാണ് സർക്കാർ. ഇതുവരെ പുറത്തുവന്ന ഡി.പി.ആറിന്റെ ഭാഗങ്ങൾ തെറ്റാണെന്ന് സർക്കാർ ഇതുവരെ പറഞ്ഞിട്ടില്ല. യഥാർഥ ഡി.പി.ആർ വളച്ചൊടിച്ച് അവതരിപ്പിക്കാനുള്ള ശ്രമമാണ് അണിയറയിൽ നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. പദ്ധതി നടപ്പാക്കുമെന്ന് സർക്കാർ വാശി പിടിച്ചാൽ നടപ്പാക്കാൻ അനുവദിക്കില്ലെന്നതാണ് പ്രതിപക്ഷത്തിന്റെ മറുപടി. ജനങ്ങളെ ബോധവത്കരിച്ച് പദ്ധതി നടപ്പാക്കാനുള്ള ശ്രമത്തിലാണ് സി.പി.എം. ജനത്തെ പദ്ധതിയുടെ ദോഷവശങ്ങൾ ബോധ്യപ്പെടുത്താൻ പ്രതിപക്ഷത്തിനും കഴിയും. ഇതു സംബന്ധിച്ച ലഘുലേഖ യു.ഡി.എഫ് അടുത്ത ദിവസം പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മന്ത്രിസഭയിലോ പാർട്ടി സംസ്ഥാന കമ്മിറ്റിയിലോ പദ്ധതിക്കെതിരേഎതിർപ്പുകളുണ്ടെങ്കിലും അതു പുറത്തുപറയാൻ ഭയപ്പെടുന്ന കാലഘട്ടമാണിത്. സി.പി.എമ്മിൽ ഇപ്പോൾ എതിർ ശബ്ദങ്ങളില്ല. ഉണ്ടായാൽ പുറത്തേക്കുള്ള വഴി കാട്ടിക്കൊടുക്കും. ജനാധിപത്യ പ്രക്രിയ തീരെ ഇല്ലാത്ത പാർട്ടിയാണ് സി.പി.എം. എതിർപ്പുകൾ മൂടിവച്ച് പാർട്ടിയിലും സർക്കാരിലും ശ്മശാന മൂകതയുണ്ടാക്കിയിരിക്കുകയാണ്. പ്രതിപക്ഷം വിമർശിച്ചാൽ പോലും സഹിക്കാൻ പറ്റാത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. എതിർക്കുന്നവരെ തീവ്രവാദിയെന്നും മാവോയിസ്റ്റെന്നും വർഗീയവാദിയെന്നും മുദ്ര കുത്തും. ഇങ്ങനെയൊരു മുഖ്യമന്ത്രിയുള്ളപ്പോൾ സ്വന്തം പാർട്ടിയിൽപ്പെട്ടവർ എങ്ങനെ വിമർശിക്കുമെന്നും സതീശൻ ആരാഞ്ഞു.
നിയമസഭയിൽ എസ്.ഡി.പി.ഐയോ ആർ.എസ്.എസോ ഉണ്ടായിരുന്നില്ലല്ലോ. അവിടെ രണ്ടു മണിക്കൂർ സിൽവർ ലൈനിനെ കുറിച്ച് ചർച്ച ചെയ്യാൻ തയ്യാറാകാതിരുന്ന മുഖ്യമന്ത്രി യു.ഡി.എഫിന് ഇനി ക്ലാസെടുക്കാൻ വരേണ്ട. യു.ഡി.എഫിന് സമരം ചെയ്യണമെങ്കിൽ ഒരു വർഗീയ കക്ഷികളുടെയും സഹായം ആവശ്യമില്ല. മുഖ്യമന്ത്രിയുടെ പാർട്ടിയാണ് ഈരാറ്റുപേട്ടയിൽ എസ്.ഡി.പി.ഐയുമായും കോട്ടയം നഗരസഭയിൽ ബി.ജെ.പിയുമായും കൂട്ടുകൂടി യു.ഡി.എഫ് ഭരണത്തെ തകർക്കാൻ ശ്രമിച്ചത്. മുഖ്യമന്ത്രി ഒരേ സമയം ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും താലോലിച്ച് സോഷ്യൽ എൻജിനീയറിങ് എന്ന ഓമനപ്പേരിട്ട് വിളിക്കുന്നയാളാണ്. വർഗീയതയുടെ തൊപ്പി മറ്റാരേക്കാളും മുഖ്യമന്ത്രിക്കാണ് നന്നായി ചേരുന്നതെന്നും സതീശൻ വിമർശിച്ചു.
പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്കാണ് മുഖ്യമന്ത്രി മറുപടി നൽകേണ്ടത്. ഇത് പാർട്ടി കാര്യമല്ല. പാർട്ടിയുടെ ജില്ലാ സെക്രട്ടറി ചോദിക്കുകയാണെങ്കിൽ നിങ്ങളുടെ പാർട്ടിയിൽ ചർച്ച ചെയ്താൽ മതി. ഇത് സംസ്ഥാനത്തിന്റെ കാര്യമാണ്. ജനങ്ങളുടെ ഉത്കണ്ഠയ്ക്ക് മറുപടി നൽകാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. ചോദ്യങ്ങളിൽനിന്നുമുഖ്യമന്ത്രി ഒളിച്ചോടുകയാണ്. പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാനുള്ള ധൈര്യം മുഖ്യമന്ത്രിക്കില്ല. സിൽവർ ലൈനുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകാൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു. മറുപടി നൽകാതെ എസ്.ഡി.പി.ഐയെന്നും ആർ.എസ്.എസ്സെന്നും പറഞ്ഞ് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കരുത്. കോൺഗ്രസും യു.ഡി.എഫും രണ്ടാം ഘട്ട സമരത്തിലേക്ക് പോകും. ജനവിരുദ്ധമായ ഒരു പദ്ധതി തടയാനുള്ള ശക്തി യു.ഡി.എഫിനും കോൺഗ്രസിനും ഉണ്ടോയെന്ന് ഞങ്ങൾ കാട്ടിക്കൊടുക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.
നരേന്ദ്ര മോദിയെ പോലെ വിമർശനം ഇഷ്ടപ്പെടാത്ത, അതേ പാതയിൽ സഞ്ചരിക്കുന്നയാളാണ് മുഖ്യമന്ത്രിയും. ധിക്കാരവും ധാർഷ്ഠ്യവും അധികാരത്തിന്റെ ഹുങ്കും കൊണ്ട് സിൽവർ ലൈൻ നടപ്പിലാക്കാൻ വന്നാൽ ജനകീയശക്തി കൊണ്ട് അതിനെ ചെറുത്ത് തോൽപ്പിക്കും. ഒരു തുണ്ട് ഭൂമി പോലും ഏറ്റെടുക്കാനാകില്ല. അതിനു മുൻപ് എന്തെല്ലാം നടപടിക്രമങ്ങളുണ്ട്. സ്ഥലം ഏറ്റെടുക്കാൻ എന്തിനാണ് ഇത്ര ധൃതി? വിദേശ കമ്പനികളുമായി എന്തു ധാരണയാണ് ഉണ്ടാക്കിയിരിക്കുന്നത്? സിൽവർ ലൈനിനു വേണ്ടി വായ്പ എടുക്കുമ്പോൾ എന്തെങ്കിലും നിബന്ധനകൾ ഉണ്ടോ? വീട്ടിൽ ഫ്രിഡ്ജും ടി.വിയും വാങ്ങുന്നതു പോലെയല്ല സർക്കാർ പദ്ധതിക്കു വേണ്ടി വിദേശ വായ്പയെടുക്കുന്നത്. പദ്ധതിയുടെ പിന്നിൽ കൊള്ള നടത്താനാണ് ശ്രമം. അതിനാണ് അനാവശ്യ ധൃതി കാട്ടുന്നത്. പദ്ധതിക്ക് പിന്നിലെ തട്ടിപ്പുകൾ ഒന്നൊന്നായി പുറത്തുകൊണ്ടു വരുമെന്നും സതീശൻ പറഞ്ഞു.
content highlights:opposition leader vd satheesan criticises silver line project