കൊച്ചി: വാട്ടർ മെട്രോയ്ക്ക് വേണ്ടി കൊച്ചിൻഷിപ്യാർഡ് നിർമിക്കുന്ന 23 ബാറ്ററി പവ്വേർഡ് ഇലക്ട്രിക് ബോട്ടുകളിൽ ആദ്യത്തേത് കെ.എം.ആർ.എല്ലിനു കൈമാറി. ഷിപ്യാർഡിലെ ഷിപ്പ് ടെർമിനലിൽ ബോട്ടിനുള്ളിൽ നടന്ന ചടങ്ങിലാണ് ബോട്ട് കൈമാറിയത്. ചടങ്ങിൽ ബോട്ടിന് മുസിരിസ് എന്ന് നാമകരണം ചെയ്തു.
പൂർണമായും എയർ കണ്ടീഷൻ ചെയ്ത 100 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ടാണിത്. 10-15 മിനിറ്റ് കൊണ്ട് ചാർജ് ചെയ്യാം. മണിക്കൂറിൽ 10 നോട്ടിക്കൽമൈൽ ആണ് വേഗത. ബാറ്ററിയിലും ഡീസൽ ജനറേറ്റർ വഴിയും രണ്ടും ഉപയോഗിച്ചുള്ള ഹൈബ്രിഡ് രീതിയിലും പ്രവർത്തിപ്പിക്കാൻ കഴിയുന്ന ബോട്ടെന്ന് പുതുമയുമുണ്ട്. അഞ്ച് ബോട്ടുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. ഏതാനും മാസങ്ങൾക്കുള്ളിൽ അതും കൈമാറും.
വാട്ടർ ടെർമിനലുകളുടെ നിർമാണവും പുരോഗമിക്കുകയാണെന്ന് കെ.എം.ആർ.എൽ. അറിയിച്ചു. വൈറ്റില, കാക്കനാട് ടെർമിനലുകൾ ഏറെക്കുറെ തയ്യാറായി കഴിഞ്ഞു. നിർമാണവും ഡ്രെഡ്ജിംഗും പൂർത്തിയായി. ഫ്ളോട്ടിംഗ് ജട്ടികളുടെ നിർമാണവും അവസാനഘട്ടത്തിലാണ്. ഹൈക്കോർട്ട്, വൈപ്പിൻ, ഏലൂർ, ചേരാനല്ലൂർ, ചിറ്റൂർ ടെർമിനലുകളുടെ നിർമാണം അടുത്തവർഷം ഏപ്രിലോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ ബോട്ടിൽ യാത്ര ചെയ്യുന്ന ഷിപ്യാർഡ് സി.എം.ഡി. മധു എസ്. നായർ, ഗങഞഘ എം.ഡി. ലോക്നാഥ് ബെഹ്റ,
പത്നി മധുമിത ബെഹ്റ തുടങ്ങിയവർ.
വൈറ്റില ഹബിലെ ഓപ്പറേറ്റിംഗ് കൺട്രോൾ സെന്ററിൽ നിന്ന് ഓട്ടോമാറ്റിക്കായി ബോട്ടിന്റെ സഞ്ചാരം നിരീക്ഷിക്കാനുള്ള സജ്ജീകരണങ്ങളുമുണ്ട്. ലോകത്ത് തന്നെ ആദ്യമായാണ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇത്രയും വിപുലമായ ബോട്ട് ശൃംഖല. 76 കിലോമീറ്റർ നീളത്തിൽ 38 ടെർമിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളുമായി സർവീസ് നടത്തുന്ന ജലഗതാഗത ശൃംഖലയാണ് കൊച്ചി വാട്ടർ മെട്രോ.
ആദ്യ ബോട്ട് കൈമാറുന്ന ചടങ്ങിൽ കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് സി.എം.ഡി മധു എസ്. നായർ, കെ.എം.ആർ.എൽ. എംഡി ലോക് നാഥ് ബെഹ്റ, ഡയറക്ടർമാരായ കെ.ആർ. കുമാർ, ഡി.കെ സിൻഹ, ഷിപ്യാർഡ് ഡയറക്ടർമാരായ ബിജോയ് ഭാസ്കർ, വി.ജെ. ജോസ്, വാട്ടർ മെട്രോ ജനറൽ മാനേജർ ഷാജി ജനാർദ്ദനൻ, അഡീഷണൽ ജനറൽ മാനേജർ സാജൻ പി. ജോൺ, ഷിപ്യാർഡ് ജനറൽ മാനേജർ ശിവകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ലോക്നാഥ് ബെഹ്റയുടെ പത്നി മധുമിത ബെഹ്റ മുഖ്യാതിഥിയായിരുന്നു.
Content Highlights: Water MetroKochi Metro Rail Ltd