ആലുവ: ചൊവ്വര പ്രസന്നപുരം പള്ളിയിൽ പുറംതിരിഞ്ഞുള്ള കുർബാന നടത്തുന്നതിൽ പ്രതിഷേധം. ജനാഭിമുഖ കുർബാന ആവശ്യപ്പെട്ട് ഇടവകക്കാർ പള്ളിക്കു മുൻപിൽ സത്യഗ്രഹം അനുഷ്ഠിച്ചു. മാർപാപ്പയുടെ തീരുമാനത്തെ പോലും വെല്ലുവിളിക്കുന്ന നടപടിയാണ് ഇടവക വികാരിയായ ഫാ. സെലസ്റ്റിൻ ഇഞ്ചയ്ക്കൽ നടത്തി വരുന്നതെന്ന് പള്ളി പാരിഷ് കൗൺസിൽ ആരോപിച്ചു.
സീറോ മലബാർ സഭയിൽ കഴിഞ്ഞ അറുപതു വർഷമായി നടന്നു വരുന്ന ജനാഭിമുഖ കുർബാന മാറ്റി പുറം തിരിഞ്ഞുള്ള കുർബാനയാണ് പ്രസന്നപുരം പള്ളിയിൽ ഇപ്പോൾ നടക്കുന്നത്. മാർപാപ്പ ഇളവ് നൽകിയിട്ടും സിനഡ് തീരുമാനപ്രകാരമുള്ള പുറംതിരിഞ്ഞുള്ള കുർബാന നടത്തുന്നതിനെതിരെയാണ് ഒരു വിഭാഗം വിശ്വാസികൾ പ്രതിഷേധിക്കുന്നത്.
പള്ളിക്കു മുൻപിൽ നടത്തിയ സത്യഗ്രഹം അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി പി.പി. ജെറാർഡ് ഉദ്ഘാടനം ചെയ്തു. പാരിഷ് കൗൺസിൽ വൈസ് ചെയർമാൻ സണ്ണി കല്ലറക്കൽ, വർഗീസ് അരീക്കൽ, സജീവ് ജേക്കബ്, ജോണി കൂട്ടാല, വർഗീസ് മഴുവഞ്ചേരി, ജോജി പുതുശേരി, സിജോ കരുമത്ഥ്യ, വിജിലൻ ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.
content highlights:belivers stages protest at chovvara prasannapuram church