കോഴിക്കോട്> കേരളത്തിലെ ഭൂരിപക്ഷം വരുന്ന സുന്നികളുടെ ആധികാരിക സംഘടനയായ സമസ്തയുടെ ഇരുവിഭാഗവും സമീപകാലത്ത് കൈകൊണ്ട തത്ത്വാധിഷ്ഠിതവും മതേതരവുമായ നിലപാട് ന്യൂനപക്ഷ രാഷ്ട്രീയത്തിന് പുതിയ ദിശാബോധം നല്കാന് സഹായകമാകുമെന്ന് ഐഎന്എല് സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര് അഭിപ്രായപ്പെട്ടു.
വഖഫ് വിഷയത്തില് പള്ളികളെ ദുരുപയോഗം ചെയ്യാനുള്ള മുസ്ലിം ലീഗിന്റെ ആത്മഹത്യാപരമായ നീക്കത്തെ ശക്തമായി എതിര്ത്തതിന്റെ പേരില് വധഭീഷണിയും തെറിയഭിഷേകവും നേരിടേണ്ടിവന്ന സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ ദുരനുഭവം ഇതുവരെ ലീഗിന്റെ പിന്നില് അണിനിരന്ന മത-സാംസ്കാരിക ശക്തികളെ മാറിച്ചിന്തിക്കാന് പ്രേരിപ്പിച്ചിട്ടുണ്ട്. ഇത് ഗുണകരമായ മാറ്റത്തിന്റെ തുടക്കമാണ്.
ഹിന്ദുത്വവാദികള് ഉയര്ത്തുന്ന വര്ഗീയ ഫാഷിസത്തെ അല്ല, ഇടതുപക്ഷത്തെയാണ് ശത്രുപക്ഷത്ത് നിര്ത്തേണ്ടതെന്ന മുസ്ലിം ലീഗിന്റെയും അവരെ പിരികയറ്റുന്നവരുടെയും ബുദ്ധിശൂന്യമായ നിലപാടിലടങ്ങിയ അപകടം ന്യൂനപക്ഷങ്ങള് തിരിച്ചറിഞ്ഞുകഴിഞ്ഞു. സാമുദായിക രാഷ്ട്രീയത്തിന്റെ മറവില് വര്ഗീയതയും വിഭാഗീയതയും ആളിക്കത്തിക്കാനുള്ള ചിലരുടെ കുല്സിത നീക്കങ്ങള്ക്ക് , അധികാരമോഹഭംഗം പിടിപെട്ട ലീഗ് നേതൃത്വം നല്കുന്ന പിന്തുണ, ഒടുവില് ആ പാര്ട്ടിയുടെ അസ്തിത്വം തന്നെ ഇല്ലാതാക്കുമെന്ന് വൈകാതെ അവര്ക്ക് ബോധ്യപ്പെടുമെന്ന് കാസിം ഇരിക്കൂര് പ്രസ്താവനയില് പറഞ്ഞു.