കോഴിക്കോട് > സിൽവർലൈൻ എൽഡിഎഫ് പരിപാടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. അതാണ് സർക്കാർ നടപ്പാക്കുന്നത്. പദ്ധതിയെച്ചൊല്ലി സിപിഐയിൽ രണ്ടഭിപ്രായമില്ല. ആശങ്ക ഉന്നയിക്കുന്നവർ പദ്ധതിയെക്കുറിച്ച് കാര്യമായ ജ്ഞാനമില്ലാത്തവരാണ്. പുതിയ പദ്ധതി വരുമ്പോൾ സ്വാഭാവികമായ ആശങ്കകളുണ്ടാകും. അതെല്ലാം ചർച്ചയിൽ പരിഹരിക്കും.
സമന്വയപാതയാണ് എൽഡിഎഫിനുള്ളത്. ഇപ്പോൾ അലൈൻമെന്റ് നിശ്ചയിക്കുന്നതേയുള്ളു. ഡിപിആർ പുറത്തുവിടണമെന്ന് പറയുന്നതിൽ കാര്യമില്ല. ഇക്കാര്യത്തിൽ പൊതുജനാഭിപ്രായം കേൾക്കും. എല്ലാ ഘട്ടത്തിലും ചർച്ച നടത്തി മുന്നോട്ടുപോകുകയെന്നതാണ് എൽഡിഎഫ് നിലപാടെന്നും കാനം വാർത്താലേഖകരോട് പറഞ്ഞു.