മുംബൈ : നെറ്റ് ഫ്ലിക്സിൻ്റെ ആഗോള ശ്രേണിയിൽ 11 രാജ്യങ്ങളിലെ ആദ്യ പത്തിൽ “മിന്നൽ മുരളി “യും. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിൻ്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച് ബേസിൽ ജോസഫ് സംവിധാനം ചെയ്ത “മിന്നൽ മുരളി” യിൽ ടൈറ്റിൽ റോളിൽ ടൊവിനോ തോമസും പ്രതിനായകനായി ഗുരു സോമസുന്ദരവും തകർത്തഭിനയിച്ചത് ചർച്ചയാകുന്നതിനിടയിലാണ് ശ്രദ്ധേയമായ റേറ്റിംഗും ലഭ്യമാകുന്നത്.
മഹത്തായ കഥകൾ സാർവത്രികമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചുകൊണ്ട്, റിലീസ് ചെയ്ത ആദ്യവാരം തന്നെ “മിന്നൽ മുരളി” Netflix-ലെ ഇംഗ്ലീഷ് ഇതര സിനിമകൾക്കായുള്ള ആഗോള ടോപ്പ് ടെൻ ലിസ്റ്റിൽ നാലാം സ്ഥാനത്താണ് ട്രെൻഡിംഗ്! സൂപ്പർഹീറോ സിനിമ Netflix-ലെ പതിനൊന്ന് രാജ്യങ്ങളിലെ സിനിമകളിൽ മികച്ച പത്തിലും എത്തി.
ഇന്ത്യ, ഒമാൻ, ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നി നാല് രാജ്യങ്ങളിൽ “മിന്നൽ മുരളി” നെറ്റ്ഫ്ലിക്സിൽ മാത്രം സ്ട്രീം ചെയ്യുന്നു! ആഗോളതലത്തിൽ 214 ദശലക്ഷം അംഗത്വങ്ങളുള്ള നെറ്റ്ഫ്ലിക്സ് ലോകത്തിലെ പ്രമുഖ സ്ട്രീമിംഗ് വിനോദോപാധിയാണ്. 190 രാജ്യങ്ങൾ ടിവി സീരീസുകളും ഡോക്യുമെന്ററികളും ഫീച്ചർ ഫിലിമുകളും മൊബൈൽ ഗെയിമുകളും ഇതിലൂടെ ആസ്വദിക്കുന്നു.
ഭാഷ ദേശങ്ങൾക്ക് അതീതമായി അംഗങ്ങൾക്ക് എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും കാണാൻ കഴിയും. അംഗങ്ങൾക്ക് പരസ്യങ്ങൾ ഇല്ലാതെ കാണാനും താൽക്കാലികമായി നിർത്തുന്നതിനും കാണൽ പുനരാരംഭിക്കാനും കഴിയുന്നതടക്കമുള്ള വലിയ സൗകര്യങ്ങളാണ് നെറ്റ്ഫ്ലിക്സ് തങ്ങളുടെ വരിസംഖ്യയടക്കുന്ന അംഗങ്ങൾക്കായി ലോകെമെങ്ങും നൽകുന്നത്.
ഇന്ത്യയിലെങ്ങും വ്യാപകമായതോടെ കേരളം പോലുള്ള കൊച്ചു സംസ്ഥാനങ്ങളിൽ നിർമ്മിക്കപ്പെടുന്ന സിനിമകൾക്ക് അന്താരാഷ്ട്ര സിനിമ മാർക്കറ്റുകളിലേക്ക് എത്തപ്പെടുവാൻ കഴിയുന്നത് ചലച്ചിത്ര വ്യവസായത്തിനും പ്രവർത്തകർക്കും കോവിഡ് 19 മഹാമാരിക്കാലത്തും വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ഡിസംബർ 24-ന് ക്രിസ്മസ്സ് നാളിൽ Netflix-ൽ പ്രീമിയർ ചെയ്ത മിന്നൽ മുരളി പ്രേക്ഷകരെ ആകർഷിച്ച് വൻ വിജയമായ് പ്രായഭേദമന്യേ നിരൂപകരിൽ നിന്നും ആരാധകരിൽ നിന്നും അഭിനന്ദനങ്ങളും ഏറ്റുവാങ്ങി ‘സ്വദേശി ദേശി-സൂപ്പർഹീറോ’ എന്ന വിശേഷണങ്ങളോടെ മുന്നേറുന്നു.പി ആർ ഒ- എ എസ് ദിനേശ്,ശബരി.