ന്യുയോര്‍ക്ക്
ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് യൂറോപ്പിലും അമേരിക്കയിലും കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന. 4,65,670 കേസാണ് കഴിഞ്ഞ ദിവസം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് പ്രതിദിന കേസുകളില്‍ ഇരട്ടിയിലധികം വര്‍ധനയാണ് രേഖപ്പെടുത്തുന്നത്. പലയിടത്തും ഉത്സവ സീസണിനോടനുബന്ധിച്ച് നടത്താനിരുന്ന പരിപാടികള്‍ റദ്ദാക്കി. ജീവനക്കാരുടെ കുറവുമൂലം ആയിരക്കണക്കിന് വിമാനം റദ്ദാക്കി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യത്ത് കോവിഡ് മരണം പ്രതിദിന ശരാശരി 1200ൽനിന്ന് 1500 ആയി.
മാസ്കിട്ട് ഫ്രാന്‍സ്
യൂറോപ്പില്‍ ഫ്രാന്‍സിലാണ് ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2,08,099 പേര്‍ക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് 12ന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാസ്ക് നിര്‍ബന്ധമാക്കി. ബ്രിട്ടനിലും പ്രതിദിനരോഗികളുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധന. ബുധനാഴ്ച 1,83,037 രോഗികള്‍, തൊട്ടു മുമ്പത്തെ ദിവസത്തേക്കാള്‍ 32 ശതമാനം കൂടുതൽ.
ഗ്രീസ്, സ്പെയിൻ, ഇറ്റലി, പോർച്ചുഗൽ എന്നീ രാജ്യങ്ങളും രോഗികളുടെ എണ്ണത്തില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമുള്ള റെക്കോഡ് വര്‍ധന രേഖപ്പെടുത്തി. യൂറോപ്പില്‍ പരക്കെ പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ട്.
സിയാന് അടച്ചുപൂട്ടി
ചൈന കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് കടന്നു. 207 പേര്‍ക്ക് ബുധനാഴ്ച കോവിഡ് റിപ്പോർട്ട് ചെയ്തു. പുരാതന തലസ്ഥാനമായ സിയാനില്‍ കര്‍ശന അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു. നഗരത്തിലെ 1.3 കോടി ആളുകള്‍ക്ക് അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ സൗജന്യമായി എത്തിച്ചു നല്‍കും.