സിംഗപ്പുർ
വരും ആഴ്ചകളില്‍ ലോകത്ത് ഡെല്‍റ്റയേക്കാള്‍ പ്രബലമായ കോവിഡ് വകഭേദമായി ഒമിക്രോണ്‍ മാറുമെന്ന് വിദഗ്ധ മുന്നറിയിപ്പ്. നിലവില്‍ ആഫ്രിക്ക ഒഴികെയുള്ള രാജ്യങ്ങളില്‍ കൂടുതലായി ബാധിക്കുന്നത് ഡെല്‍റ്റയാണ്.
ഒരു മാസത്തിനിടെ ആഫ്രിക്ക ഒഴികെ ലോകത്താകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കോവിഡ് കേസുകളില്‍ 7–-27 ശതമാനം വരെ ഒമിക്രോണ്‍ വകഭേദത്തില്‍പെട്ടവ. നവംബർ 11ന് ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഒമിക്രോണ്‍ ഇതിനകം നൂറ്റിപ്പത്തിലധികം രാജ്യത്തെത്തിയെന്നും സിംഗപ്പുരിലെ ഏജൻസി ഫോര്‍ സയൻസ്, ടെക്നോളജി ആൻഡ് റിസർച്ച്സ് ബയോ ഇൻഫർമാറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. സെബാസ്റ്റ്യൻ മൗറർ-സ്ട്രോ പറഞ്ഞു.
ഡെൽറ്റ വകഭേദത്തിന് 13 തവണ ജനിതകമാറ്റം സംഭവിച്ചെങ്കില്‍ ഒമിക്രോണിന് അമ്പതോളം ജനിതകമാറ്റം വന്നു, അവയിൽ 32 എണ്ണം സ്പൈക് പ്രോട്ടീനിലാണ്. അതുകൊണ്ടുതന്നെ ഇത് ഡെല്‍റ്റയേക്കാള്‍ വേഗത്തില്‍ മനുഷ്യകോശങ്ങളിലേക്ക് കടക്കുമെന്ന് സിംഗപ്പുര്‍ നാഷണൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ പകർച്ചവ്യാധി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റായ പ്രൊഫ. ഡെയ്ൽ ഫിഷർ ചൂണ്ടിക്കാട്ടി.