തിരുവനന്തപുരം: സംസ്ഥാനത്തുടനീളം ഇ-ഓട്ടോകൾക്കായി ചാർജിംഗ് സ്റ്റേഷനുകളുടെ വിപുലമായ ശൃംഖല സ്ഥാപിക്കാൻ വൈദ്യുതി, ഗതാഗത വകുപ്പ് മന്ത്രിമാരുടെ ചർച്ചയിൽ തീരുമാനമായി. ഇ-ഓട്ടോകൾക്കായി 1140 പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷനുകളാണ് സ്ഥാപിക്കുക.
ഓരോ അസംബ്ലി നിയോജക മണ്ഡലത്തിലും 5 പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷൻ വീതവും കോർപ്പറേഷൻ പരിധിയിൽ വരുന്ന നിയോജക മണ്ഡലങ്ങളിൽ 15 പോൾ മൗണ്ടഡ് ചാർജിംഗ് സ്റ്റേഷൻ വീതവും സ്ഥാപിക്കും.
ഇതിനു പുറമേ, സ്വകാര്യ സംരംഭകർക്ക് വൈദ്യുതി വാഹന ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന് ഗതാഗത വകുപ്പ് നൽകുന്ന 25% സബ്സിഡി ലഭ്യമാക്കുന്നതിനുള്ള നോഡൽ ഏജൻസി ആയി അനർട്ടിനെ നിയമിക്കാൻ തീരുമാനിച്ചു. കെ.എസ്.ഇ.ബിയുടെ 26 വൈദ്യുതി വാഹന ചാർജിംഗ് സ്റ്റേഷനുകൾ ഫെബ്രുവരി 2022 ൽ പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി.
യോഗത്തിൽ ഊർജ്ജ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിൻഹ, കെ.എസ്.ഇ.ബി.എൽ. ചെയർമാൻ ഡോ.ബി.അശോക് IAS, കെ.എസ്.ഇ.ബി.എൽ. ഡയറക്ടർ ആർ.സുകു, അനർട്ട് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ നരേന്ദ്രനാഥ് വേലുരി ഐഎഫ്എസ്, ഇ.എം.സി ഡയറക്ടർ ഡോ. ആർ. ഹരികുമാർ, മറ്റുന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Content Highlights: Electric Auto rickshaw charging stations