ന്യൂസ് ഫോട്ടോഗ്രാഫിയിൽ അവിചാരിതമായിട്ടാണ് പല നിമിഷങ്ങളും ചിത്രങ്ങളായി മാറുന്നത്. പലപ്പോളും വർഷങ്ങൾക്കു മുൻപ് എടുത്ത ചിത്രങ്ങൾ പിന്നീട് വളരെ പ്രാധന്യമുള്ളവയായി മാറാറുണ്ട്. എന്നാൽ അതിൽ നിന്നും തികച്ചും വിഭിന്നമായ ഒരു അനുഭവമാണ് ഒരേ വാതിൽ… രണ്ടു കാഴ്ച എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച ചിത്രം.
17 വർഷങ്ങൾക്കു മുൻപ് എടുത്ത ഒരു ഇരട്ട കൊലപതകത്തിന്റെ ദാരുണമായ ദൃശ്യം. ഇടപ്പള്ളി പോണേക്കര ചേന്ദൻകുളങ്ങര ക്ഷേത്രത്തിനു സമീപം ഒരു വീട്ടിലെ രണ്ടു പ്രായംചെന്ന ആളുകളെ തലക്കടിച്ചു കൊലപ്പെടുത്തിയിരിക്കുന്നു. മോഷണശ്രമം ആന്നെന്നു തോന്നുന്നു, പോലീസ് പോയിട്ടുണ്ട് . – സ്പെഷ്യൽ ബ്രാഞ്ചിലെ ഒരു പോലിസ് സുഹൃത്താണ് 2004 മെയ് 30-ന് രാവിലെ ഫോണിൽ അറിയിച്ചത്.
ഇടപ്പള്ളി ചെന്ദൻകുളങ്ങര ക്ഷേത്രത്തിനു സമീപം ഇരട്ടക്കൊല നടന്ന വീട്ടിലെ ദൃശ്യം, ഇരട്ടക്കൊല നടത്തിയ റിപ്പർ ജയാനന്ദനെ തെളിവെടുപ്പിനായി വീട്ടിൽ കൊണ്ടുവന്നപ്പോൾ.
അവിടെ എത്തിയപ്പോൾ കൊലപാതക വിവരം അറിഞ്ഞു നാട്ടുകാർ തടിച്ചു കൂടിയിരുന്നു. പോലീസ് അകത്തേക്ക് ആരെയും കയറ്റിവിടുന്നില്ല. ഇന്നത്തെ പോലെ ചാനലുകളുടെ എണ്ണവും കുറവ്. പരിചയമുള്ള ഒരു പോലീസുകാരൻ വാതിലിനടുത്തുവരെ പോകുവാൻ അനുവദിച്ചു. വീടിന്റെ വെളിയിലെ ഗ്രില്ലിനിടയിലൂടെ മരിച്ച ആളുടെ കാലുകൾ കാണാം. ചുറ്റും പോലീസ്.
രണ്ടു ചിത്രങ്ങൾ എടുത്തപ്പോളേക്കും ഫോറൻസിക് ഉദ്യോഗസ്ഥർ എത്തി വീടിന്റെ വാതിൽ അടച്ചു. 78 വയസ്സുള്ള നാണി അമ്മാളും അവരുടെ ചേച്ചിയുടെ മകൻ നാരായണ അയ്യരും (60) ദാരുണമായി കൊല്ലപ്പെട്ടത്. പിറ്റേന്ന് മുതൽ കൊലയാളിയെത്തേടിയുള്ള പോലീസിന്റെ നീക്കങ്ങളും തുടർവാർത്തകളും. പക്ഷെ കൊലയാളിയുടെ ഒരു തുമ്പും കിട്ടിയില്ല. പതിയെ പതിയെ പോണേക്കര ഇരട്ടക്കൊലപാതകം വിസ്മൃതിയിലായി.
17 വർഷങ്ങൾക്കു ശേഷം പിടിയിലായ റിപ്പർ ജയാനന്ദൻ എന്ന കുപ്രസിദ്ധ കുറ്റവാളിയെ തെളിവെടുപ്പിനായി കൊല നടന്ന വീട്ടിൽ പോലീസ് കൊണ്ടുവന്നത് 2021 ഡിസംബർ 29. മറ്റു പല ശിക്ഷകളുടെ ജയിൽവാസം അനുഭവിച്ചു കൊണ്ടിരിക്കുന്നതിനിടെ ഒരു വധശിക്ഷയിൽ നിന്നും കോടതി തന്നെ ഒഴിവാക്കിയതിന്റെ സന്തോഷത്തിലാണ് ജയാനന്ദൻ സഹതടവുകാരോട് പോണേക്കര കൊലപാതക രഹസ്യം വെളിപ്പെടുത്തിയത്. അവർ അത് പോലീസിനെ അറിയിക്കുകയായിരുന്നു.
ഇടപ്പള്ളി ചെന്ദൻകുളങ്ങര ക്ഷേത്രത്തിനു സമീപം ഇരട്ടക്കൊല നടന്ന വീട്
17 വർഷങ്ങൾക്ക് ശേഷം ക്യാമറയുമായി മുൻപ് പോയ അതെ വഴിയുലൂടെ തന്നെയാണ് ഞാൻ ആ വീട്ടിൽ എത്തിയത്. മരിച്ച നാരായണ അയ്യരുടെ മകനും ബന്ധുക്കളും അവിടെ ഉണ്ടായിരുന്നു. ചെറിയ മാറ്റങ്ങൾ ഒഴിച്ചാൽ വീട് പഴയ പോലെ തന്നെ. അന്ന് ചിത്രമെടുത്ത വാതിൽ ഇപ്പോളുമുണ്ട്. ജയാനന്ദനുമായി പോലീസ് തെളിവെടുപ്പിനായി അകത്തെ മുറിയില്ലേക്ക് പോയി. 17 കൊല്ലങ്ങൾക്കു മുൻപ് എടുത്ത ചിത്രം അപ്പോളും മനസ്സിൽ മായാതെ ഉണ്ടായിരുന്നു.
പ്രതിയുമായി പോലീസ് വരുന്നതും വീട്ടിലിലേക്കു കയറുന്നതുമായ ചിത്രങ്ങൾ എടുത്തു കഴിഞ്ഞപ്പോളാണ് പെട്ടെന്ന് തോന്നിയത് അന്ന് ചിത്രമെടുത്ത അതെ സ്ഥലത്തു നിന്ന് അതെ ആംഗിളിൽ കൊലപാതകിയുടെ ഒരു ഫോട്ടോ എടുത്താലോ എന്ന്.ഇടുങ്ങിയ മുറിയിൽ നിറയെ പോലീസും വീട്ടുകാരുമുണ്ട്. എങ്കിലും ഒരു ശ്രമം നടത്താൻ തീരുമാനിച്ചു. കുറെ സമയം കഴിഞ്ഞപ്പോൾ പോലീസ് ജയാനന്ദനെ ഞാൻ നിന്ന വാതിലിനു മുൻപിലൂടെ തന്നെ കൊണ്ടുപോയി. ഭാഗ്യം കൊണ്ട് ആരും ഇടയിൽ കയറി അയാളുടെ മുഖം മറച്ചില്ല.
ന്യൂസ് ബ്യുറോയിൽ എത്തി പഴയ 2004 ഇലെ പഴയ ചിത്രങ്ങളിൽ നിന്ന് പോണേക്കര കൊലപാതകത്തിന്റെ ഫോട്ടോ കണ്ടെത്തി. 17 വർഷം മുൻപ് എടുത്ത ചിത്രവും ഇപ്പോൾ എടുത്തതും ചേർത്ത് വെച്ചു നോക്കി. ഒരേ ഫ്രെയിം… ഒരേ വാതിൽ. കാഴ്ചകൾ മാത്രം മാറി. കൊലപാതകം നടന്ന ഫ്രെയിമില്ലേക്ക് നടന്നു കയറുന്ന പ്രതിയായ ജയാനന്ദൻ…. വൈകി ആണെങ്കിലും കാലം കണക്ക് തീർത്തു. ഒപ്പം പത്രഫോട്ടോഗ്രാഫിയുടെ സമാനതകൾ ഇല്ലാത്ത ഒരു അനുഭവവും.
Content Highlights:Experience of a photographer from the Ponekkara twin murder site