കോഴിക്കോട്: ഡി.പി.ആർ പോലുമില്ലാതെ കെ.റെയിലുമായി മുന്നോട്ട് പോവുന്നതിൽ ഒരു ന്യായീകരണവും കണ്ടെത്താൻ കഴിയാത്ത മുഖ്യമന്ത്രി സമരത്തെ പ്രതിരോധിക്കാനായി വർഗീയത പ്രചരിപ്പിക്കുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം സുധീരൻ. പണ്ട് ബ്രിട്ടീഷ് കാലത്തായിരുന്നു സമരക്കാരെ കോൺഗ്രസുകാരനെന്നും കമ്യൂണിസ്റ്റുകാരനെന്നും നക്സലൈറ്റെന്നും പറഞ്ഞ് ചാപ്പ കുത്തിയത്. ഇതുപോലെയാണ് ഇപ്പോൾ വർഗീയ പ്രചാരണം.സമരം ചെയ്യുന്നവരെ വർഗീയവാദിയാക്കുകയാണ്. ഇത്തരം കാലഹരണപ്പെട്ട പ്രചാര വേലകളിൽ നിന്ന് മുഖ്യമന്ത്രി മാറി നിൽക്കണം.
പദ്ധതിയെ കുറിച്ചുള്ള വിശദാംശങ്ങൾ പുറത്ത് വിടാൻ തയ്യാറാവണമെന്നും വി.എം സുധീരൻ കോഴിക്കോട്ട്പറഞ്ഞു. മാധ്യമപ്രവർത്തകനായിരുന്ന ജിബിനിന്റെ ആറാം ചരമവാർഷികത്തോടനുബന്ധിച്ച് സൗഹൃദ വേദി സംഘടിപ്പിച്ച പരിപാടിയിൽ വികസനവും പരിസ്ഥിതിയും പാളം തെറ്റുമ്പോൾ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു വി.എം സുധീരൻ.
ജനങ്ങളെ ഭിന്നിപ്പിക്കുന്ന പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോവരുത്. കെ.റെയിൽ ജനവിരുദ്ധ പദ്ധതിയാണ് എന്ന് പ്രഥമിക പരിശോധനയിൽ തന്നെ മനസ്സിലാവും. ഇക്കാര്യത്തിൽ സർക്കാർ ജന താൽപര്യം പരിഗണിക്കണം. സർക്കാർ ഡി.പി.ആർ രഹസ്യമാക്കി വെയ്ക്കുകയാണെന്നും സുധീരൻ പറഞ്ഞു. ജനവിരുദ്ധ പദ്ധതിയുമായി മുന്നോട്ട് പോയി പിണറായി ബുദ്ധദേവ് ആകരുത്. കെ.റെയിൽ നന്ദിഗ്രാം പോലെ ആവർത്തിച്ചാൽ അത് സി.പി.എമ്മിന്റെ അവസാനമാകുമെന്നും സുധീരൻ ചൂണ്ടിക്കാട്ടി.
കെ.റെയിലിൽ കോൺഗ്രസിൽ ഭിന്നതയില്ല. ഇതിനെ കുറിച്ച് പഠിക്കണമെന്നേ തരൂർ പറഞ്ഞിട്ടുള്ളൂ. യുഡിഎഫ് വിദഗ്ദ സമിതി റിപ്പോർട്ട് പ്രതിപക്ഷ നേതാവ് തരൂരിന് അയച്ചുകൊടുത്തു. അത് വായിച്ചശേഷം ശശി തരൂർ പദ്ധതിക്ക് അനുകൂലമായി നിലപാട് സ്വീകരിച്ചുവെന്നാണ് പ്രതിപക്ഷ നേതാവ് തന്നെ അറിയിച്ചത്. മറിച്ചുള്ള പ്രചാരണങ്ങളിലൊന്നും കഴമ്പില്ലെന്നും സുധീരൻ പറഞ്ഞു.
Content Highlights :V. M. Sudheeran Against Chief Minister Pinarayi Vijayan on K-Rail