ന്യൂഡൽഹി: കെ-റെയിൽ പദ്ധതി നടത്തിപ്പിനായി കേന്ദ്രത്തോട് സഹായം തേടാനൊരുങ്ങി കേരളം. പൊതുബജറ്റിന് മുന്നോടിയായുള്ള സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിലാണ് ഫണ്ട് ആവശ്യപ്പെടുകയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ വ്യക്തമാക്കി. റെയിൽവേയുടെ വിഹിതമായ 2000 കോടി ബജറ്റിൽ ഉൾപ്പെടുത്തി അനുവദിക്കണമെന്നാണ് കേരളം ആവശ്യപ്പെടുക.
സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർലൈൻ നടത്തിപ്പിനുള്ള റെയിൽവേ വിഹിതം 2000 കോടി രൂപയാണ്. എന്നാൽ ഇത് നൽകാനുള്ള താത്പര്യം റെയിൽവേ ഇതുവരെ കാണിച്ചിട്ടില്ല. പല കാരണങ്ങൾ പറഞ്ഞ് അത് നീട്ടിക്കൊണ്ടുപോവുകയും ഒഴിഞ്ഞുമാറുകയുമാണ് റെയിൽവേ ചെയ്യുന്നത്. റെയിൽവേ വഹിതം പൊതു ബജറ്റിൽ ഉൾപ്പെടുത്തി നൽകണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ മാസം നിർമലാ സീതാരാമന് കത്തയിച്ചിരുന്നു.
സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിൽ കെ.എൻ ബാലഗോപാൽ ഇക്കാര്യം ഉന്നയിക്കുമെങ്കിലും കേന്ദ്രം മറുപടി നൽകാനുള്ള സാധ്യതയില്ല. എന്നാൽ വിഷയം ശക്തമായി കേന്ദ്രത്തിന്റെ മുന്നിൽ അവതരിപ്പിക്കാനാണ് കേരളം തയ്യാറെടുക്കുന്നത്. അതോടൊപ്പം പൊതുവിലുള്ള സ്ഥിതി കേന്ദ്രത്തെ അറിയിക്കുമെന്നും കെ.എൻ ബാലഗോപാൽ വ്യക്തമാക്കി. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയും ഒപ്പം തൊഴിൽ നഷ്ടവും പരിഹരിക്കുന്നതിന് ആവശ്യമായ തുക അനുവദിക്കണമെന്നും കേരളം ആവശ്യപ്പെടും.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനങ്ങളെ കേന്ദ്രം സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാലഗോപാൽ വ്യക്തമാക്കി. ഒമിക്രോൺ വ്യാപനം കണക്കിലെടുത്ത് ഭാവിയിലുണ്ടായേക്കാവുന്ന പ്രതിസന്ധി മറികടക്കുന്നതിനും സംസ്ഥാനങ്ങൾ പണം ആവശ്യപ്പെടും. സമസ്ത മേഖലകളിലും കോവിഡ് പ്രതിസന്ധി ബാധിച്ചത് ചൂണ്ടിക്കാണിച്ച് പണം ആവശ്യപ്പെടാനാണ് സംസ്ഥാനങ്ങളുടെ തീരുമാനം.
Content Highlights: Kerala to seek fund from centre for K-Rail says minister K.N.Balagopal