ദേവികുളം: സി.പി.എമ്മുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നുവെന്ന് ദേവികുളം മുൻ എം.എൽ.എ. എസ്. രാജേന്ദ്രൻ. തന്നെ അപമാനിച്ച് പുറത്താക്കുകയാണ് പാർട്ടി ചെയ്തത്. ആരോപണങ്ങളിൽ താൻ വിശദീകരണം നൽകിയിരുന്നു. തന്റെ വിശദീകരണം അംഗീകരിച്ച് അംഗത്വത്തിൽ നിലനിർത്താമായിരുന്നു. നിലവിലെ ദേവികുളം എം.എൽ.എ. രാജയെ തോൽപിക്കാൻ ചായക്കടയിൽവെച്ച് ഗൂഢാലോചന നടത്തി എന്ന പാർട്ടി കമ്മിഷന്റെ കണ്ടെത്തൽ അടിസ്ഥാനരഹിതമാണെന്നും രാജേന്ദ്രൻ മാതൃഭൂമി ന്യൂസിനോടു പ്രതികരിച്ചു.
വിശദീകരണം ചോദിച്ചിട്ട് കൊടുത്തില്ല എന്ന ആരോപണം തെറ്റാണ്. മറുപടിക്കത്ത് കൊടുത്തു. അതിന്റെ അക്നോളജ്മെന്റ് രേഖ കൈവശമുണ്ട്. രജിസ്റ്റേർഡ് പോസ്റ്റ് ആയി ജില്ലാ കമ്മിറ്റിക്കാണ് അയച്ചത്. ചായക്കടയിൽവെച്ച് ആരെങ്കിലും ഗൂഢാലോചന നടത്തുമോ? ചായക്കട എന്താ സ്വന്തമായി എടുത്തിരിക്കുകയാണോ?,രാജേന്ദ്രൻ ചോദിച്ചു.
സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സ്വാഗതം ചെയ്തിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് സിപിഐ മോശം പാർട്ടി ഒന്നും അല്ലല്ലോ എന്നായിരുന്നു രാജേന്ദ്രന്റെ മറുപടി. ഞങ്ങളുടെ പാർട്ടിക്ക് ഒപ്പം നിൽക്കുന്ന പാർട്ടിയല്ലേ എന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, നാൽപ്പത് വർഷം അധ്വാനിച്ചത് ഒരു പാർട്ടിക്കു വേണ്ടിയാണ്. ഇവിടെ അധ്വാനിച്ചിട്ട് വേറൊരു ഓഫീസിൽ പോയിട്ടാണോ ആനുകൂല്യം പറ്റുകയെന്നും രാജേന്ദ്രൻ ചോദിച്ചു. ജീവിക്കാൻ വേണ്ടി പാർട്ടിയിൽ വന്ന ആളല്ല. ഗവൺമെന്റ് പോസ്റ്റിൽനിന്ന് പാർട്ടിയിൽ പ്രവർത്തിക്കാൻ വന്നയാളാണെന്നും അദ്ദേഹം വ്യക്തമാക്കി.
സി.പി.എം. ഇടുക്കി ജില്ലാ സമ്മേളനം കുമളിയിൽ വെച്ചാണ് നടക്കുന്നത്. ഈ സമ്മേളനത്തിൽ രാജേന്ദ്രൻ പങ്കെടുത്തേക്കില്ല. രാജേന്ദ്രൻ ഉൾപ്പെടുന്ന മറയൂർ ഏരിയാ കമ്മിറ്റി സമ്മേളനത്തിലും അദ്ദേഹം പങ്കെടുത്തിരുന്നില്ല.
രാജേന്ദ്രന് എതിരേ നടപടിവേണമെന്ന് ജില്ലാ കമ്മിറ്റി
ദേവികുളത്ത് എൽ.ഡി.എഫ്. സ്ഥാനാർഥിയായിരുന്ന എ. രാജയെ തോൽപ്പിക്കാൻ ശ്രമിച്ചതിന് മുൻ എം. എൽ.എ. എസ്. രാജേന്ദ്രനെ പാർട്ടിയിൽനിന്ന് പുറത്താക്കുകയോ സസ്പെൻഡുചെയ്യുകയോ വേണമെന്നാണ് സി.പി.എം. ഇടുക്കി ജില്ലാ കമ്മിറ്റി ശുപാർശ നൽകിയിരിക്കുന്നത്. ജില്ലാ കമ്മിറ്റിയംഗമായ രാജേന്ദ്രനെതിരേ നടപടി ആവശ്യപ്പെട്ട് സംസ്ഥാനകമ്മിറ്റിക്ക് കത്തുനൽകിയെന്നാണ് അറിയുന്നത്.
ആരോപണങ്ങൾ സംബന്ധിച്ച് അന്വേഷണക്കമ്മിഷൻ തെളിവെടുത്തിരുന്നു. ഭൂരിഭാഗംപേരും രാജേന്ദ്രനെതിരേ മൊഴിനൽകി. രാജേന്ദ്രന്റെ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി ആവശ്യപ്പെട്ടിട്ടുള്ളത്. പാർട്ടി തീരുമാനമെന്തായാലും സ്വീകരിക്കുമെന്നായിരുന്നു ഇതിനു പിന്നാലെ രാജേന്ദ്രൻ പ്രതികരിച്ചത്. പുറത്താക്കിയാലും അദ്ഭുതമില്ല. ഒന്നോ രണ്ടോ നേതാക്കന്മാരുടെ അടിമയായി ജീവിക്കാൻപറ്റില്ല. തന്നെ ഇല്ലാതാക്കണമെന്നുള്ള ചിലരുടെ അജൻഡയുടെ ഭാഗമാണ് ആരോപണങ്ങളും നടപടികളുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
content highlights:s rajendran hints exit from cpm, rules out allegations