കൊച്ചി > നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെതിരെ ഗുരുതര ആരോപണങ്ങളുമായി ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ കോപ്പി കോടതിയിലെത്തും മുന്‍പേ ദിലീപിന് ലഭിച്ചുവെന്നും, കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു. ഇക്കാര്യങ്ങളൊന്നും പുറത്തുപറയാതിരിക്കാന്‍ ദിലീപിന്റെ ഭാര്യ കാവ്യാ മാധവന് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ തന്നെ നിരന്തരം വിളിച്ചിരുന്നതായും ബാലചന്ദ്രകുമാര്‍ അവകാശപ്പെട്ടു. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്കിയ അഭിമുഖത്തിലായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.
ദിലീപിന്റെ സഹോദരന് അനൂപാണ് പള്‍സര്‍ സുനിയെ പരിചയപ്പെടുത്തിയത്. ദിലീപിന്റെ ആലുവയിലെ വീട്ടില്‍ നിന്ന് അനൂപിനൊപ്പം യാത്ര ചെയ്യുമ്പോള്‍ വണ്ടിയില്‍ സുനിയും ഉണ്ടായിരുന്നു.ദിലീപിന്റെ വീട്ടില്‍ നിന്ന് ദിലീപ് പറഞ്ഞിട്ടാണ് സുനിയേ കാറില്‍ കയറ്റിയത്. ദിലീപുമായി അടുത്ത ബന്ധമാണ് സുനിക്കുള്ളത്. ജാമ്യം ലഭിക്കുന്നത് വരെ പള്‍സര്‍ സുനിയെ വീട്ടില്‍ ദിലീപിനൊപ്പം കണ്ട കാര്യം പറയരുതെന്ന് ആവശ്യപ്പെട്ട് കാവ്യാ മാധവന് ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ വിളിച്ചു. ദിലീപിന് ജാമ്യം ലഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആക്രമത്തിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിച്ചു. ‘പള്‍സര്‍ സുനിയുടെ ക്രൂരകൃത്യങ്ങള്‍ കാണണോ’എന്ന് ചോദിച്ചാണ് ദിലീപ് ദൃശ്യങ്ങള്‍ കാണിച്ചത്. വീഡിയോയിലെ ശബ്ദം വ്യക്തമല്ലാത്തതിനാല്‍ കൊച്ചിയിലെ പ്രശസ്തമായ ഒരു സ്റ്റുഡിയോയില്‍ എത്തിച്ച് ശബ്ദം കൂട്ടി. വീഡിയോയിലെ സ്ത്രീ-പൂരുഷ ശബ്ദങ്ങള്‍ താന്‍ വ്യക്തമായി കേട്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
ഈ കാര്യങ്ങള്‍ മുഴുവന്‍ ചൂണ്ടിക്കാണിച്ച് ശബ്ദസന്ദേശമുള്‍പ്പെടെയുള്ള തെളിവുകള്‍ ഉള്‍പ്പെടുത്തി 30 ലേറെ പേജുള്ള പരാതി ബാലചന്ദ്രകുമാര്‍ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. കേസില്‍ പ്രതിയായ ദിലീപിനെ സഹായിച്ചതിലുള്ള കുറ്റബോധവും തന്റെ ജീവന് ഭീഷണിയുള്ളതിനാലുമാണ് ഇപ്പോള്‍ ഇക്കാര്യം തുറന്നു പറഞ്ഞതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ക്രിക്കറ്റ് താരം ശ്രീശാന്ത്, പ്രകാശ് രാജ് എന്നിവര്‍ അഭിനയിച്ചു പുറത്തിറങ്ങാനുള്ള ബിഗ് പിക്ചര്‍ സിനിമയുടെ സംവിധായകനാണ് ബാലച്ചന്ദ്രകുമാര്.
ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വിമന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) ആവശ്യപ്പെട്ടു. ബാലചന്ദ്രകുമാറിന് സുരക്ഷ ഒരുക്കണം. ഈ വെളിപ്പെടുത്തലുകള്‍ അര്‍ഹിക്കുന്ന പ്രധാന്യത്തോടെ പൊതുസമൂഹവും മുഖ്യധാര മാധ്യമങ്ങളും പരിഗണിക്കുന്നുണ്ടോ എന്നും ഡബ്ല്യുസിസി ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
2017 ഫെബ്രുവരി 17ന് കൊച്ചിയില്‍ വെച്ചാണ് നടി ആക്രമിക്കപ്പെടുന്നത്. ഫെബ്രുവരി 23ന് പള്‍സര്‍ സുനി പിടിയിലായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ജൂലൈയില്‍ നടന് ദിലീപിനെ കേസില്‍ എട്ടാം പ്രതിയായി ചേര്‍ത്ത് അറസ്റ്റ് ചെയ്തു. നടിയെ ആക്രമിക്കാന്‍ ദിലീപ് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയെന്നാണ് കേസ്.