റൂഹ് അഫ്സ മാഗി
ഇൻസ്റ്റന്റ് ന്യൂഡിൽസ് വിപണിയിൽ തീരെ ആമുഖം വേണ്ടാത്ത ബ്രാൻഡാണ് മാഗി. അതെ സമയം ഉത്തരേന്ത്യയിൽ ഏറെ പ്രചാരമുള്ള ഒരു സ്ക്വാഷാണ് റൂഹ് അഫ്സ. ഇത് രണ്ടും കൂടെ മിക്സ് ചെയ്താലോ? വിചിത്രമായ ഈ ഫ്യൂഷൻ ഭക്ഷണത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഫുഡ് ബ്ലോഗ്ഗർ അർജുൻ ചൗഹാൻ ആണ് വിചിത്രമായ ഈ ഭക്ഷണത്തിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഫ്രൂട്ട് ഫയർ ദോശ
പച്ചക്കറികൾ ധാരാളം ചേർത്ത ദോശ നിങ്ങൾ ഒരുപക്ഷെ കഴിച്ചുകാണും. എന്നാൽ പഴവർഗ്ഗങ്ങൾ ചേർത്ത ദോശ കഴിച്ചിട്ടുണ്ടോ? ഫുഡ് ബ്ലോഗ്ഗർ അർജുൻ ചൗഹാൻ തന്നെയാണ് ഫ്രൂട്ട് ഫയർ ദോശയും പരിചയപ്പെടുത്തിയത്. ഡൽഹിയിലെ ഗീത കോളനിയിലെ അയ്യർ ജി ദോശ വാലയിലാണ് ഈ വെറൈറ്റി ദോശ വിളമ്പുന്നത്. ആപ്പിൾ, വാഴപ്പഴം, ഉണക്കമുന്തിരി, പനീർ എന്നിങ്ങനെ പലതും ഫ്രൂട്ട് ഫയർ ദോശയിലുണ്ട്. ഫ്രൂട്ട് ഫയർ ദോശ എന്ന് പേര് വരാനുള്ള കാരണമാവും ഇപ്പോൾ ചിന്തിക്കുന്നത്. റെഡ് ചില്ലി സോസും ചേർത്താണ് ഫ്രൂട്ട് ഫയർ ദോശ കഴിക്കേണ്ടത്.
ഗുലാബ് ജാമുൻ സമോസ
വെറൈറ്റി മാഗിയും, ദോശയും കഴിച്ച സ്ഥിതിക്ക് ഇനി അല്പം മധുരം ആവാം അല്ലെ? ഗുലാബ് ജാമുൻ സമോസ റെഡി. സമോസയും ഗുലാബ് ജാമുനും ഏറെപേർക്ക് ഇഷ്ടമുള്ള വിഭവമാണ്. ഒരു ഗുലാബ് ജാമുൻ സമോസയുടെ അകത്താക്കി വറുത്ത് കോരിയാലോ? ഡൽഹിയിൽ വിളമ്പുന്ന ഗുലാബ് ജാമുൻ സമോസ അഭിഷേക്ക് എന്ന് പേരുള്ള ഫുഡ് ബ്ലോഗ്ഗറാണ് പരീക്ഷിച്ചു നോക്കിയത്. പക്ഷെ കക്ഷിയ്ക്ക് തീരെ ഇഷ്ടപ്പെട്ടില്ല.
വെറൈറ്റി ഭക്ഷണങ്ങളുടെ പരമ്പര ഇനിയും അവസാനിക്കില്ല… അടുത്ത ആഴ്ച ഏതൊക്കെ വിഭവങ്ങളാവും ക്ലിക്ക് ആവുക?