കൊല്ലം: കേരള കോൺഗ്രസ് (ബി) കുടുംബത്തിന്റെ പാർട്ടിയല്ലെന്ന് കെ.ബി.ഗണേഷ് കുമാർ എംഎൽഎ. തന്റെ കുടുംബത്തിലുള്ള ആരും പാർട്ടിയിൽ ഇല്ലെന്നും ഗണേഷ് കുമാർ പറഞ്ഞു. സഹോദരി ഉഷ മോഹൻദാസിനുള്ള മറുപടിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേരള കോൺഗ്രസ് ബിയെ പിളർത്തി പുതിയ വിഭാഗത്തിന്റെ അധ്യക്ഷയായി ഉഷ മോഹൻദാസിനെ തിരഞ്ഞെടുത്തിരുന്നു.
തന്നെ പാർട്ടി ചെയർമാനായി തിരഞ്ഞെടുത്തത് സംസ്ഥാന എക്സിക്യുട്ടീവ് കമ്മിറ്റിയാണെന്ന്. നിയമപരമായ കേരള കോൺഗ്രസ് ബി ഒന്നേയുള്ളൂവെന്നും ഗണേഷ് കുമാർ പറഞ്ഞു.
കുടുംബത്തിന്റെ പാർട്ടിയല്ല കേരള കോൺഗ്രസ് ബി. അച്ഛൻ രാഷ്ട്രീയത്തിലുള്ളപ്പോൾ ഞാൻ രാഷ്ട്രീയത്തിൽ വന്നതാണ്. കഴിഞ്ഞ 23 വർഷം ജനങ്ങൾക്ക് നടുവിൽ അടിത്തട്ടിലിറങ്ങി പ്രവർത്തിക്കുന്നുണ്ട്. എന്റെ തീരുമാനങ്ങളല്ല പാർട്ടിയുടേത്. എല്ലാവരും കൂട്ടായ് എടുക്കുന്നതാണ്. എനിക്ക് ശേഷം പ്രളയം എന്ന നിലപാട് എനിക്കില്ല. എന്നോടൊപ്പം നിന്ന് പ്രവർത്തിക്കാനുള്ള ആളുകളെ വാർത്തെടുക്കാൻ വേണ്ടിയാണ് എല്ലാവരേയും വിളിച്ചു ചേർത്തത് – ഗണേഷ് പറഞ്ഞു.