തിരൂർ/ പത്തനംതിട്ട> സിപിഐ എം 23–-ാം പാർടി കോൺഗ്രസിന് മുന്നോടിയായുള്ള മലപ്പുറം, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങൾ ബുധനാഴ്ച പൊതുസമ്മേളനത്തോടെ സമാപിക്കും. പ്രവർത്തന റിപ്പോർട്ടിന്മേലുള്ള പൊതുചർച്ച പൂർത്തിയായി. ബുധനാഴ്ച ജില്ലാ കമ്മിറ്റി അംഗങ്ങളെയും സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും.
മലപ്പുറം സമ്മേളനത്തിന്റെ പൊതുസമ്മേളനം വൈകിട്ട് നാലിന് കെ പി മൊയ്തീൻകുട്ടി നഗറിൽ (തിരൂർ നഗരസഭാ സ്റ്റേഡിയം ഗ്രൗണ്ട്) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. പിബി അംഗം എം എ ബേബി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, ഇ പി ജയരാജൻ, പി കെ ശ്രീമതി, എളമരം കരിം, മന്ത്രി കെ രാധാകൃഷ്ണൻ, മുതിർന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടി, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ബേബി ജോൺ, ടി പി രാമകൃഷ്ണൻ എന്നിവർ പങ്കെടുക്കും.
ചൊവ്വാഴ്ച ‘ദേശീയ രാഷ്ട്രീയവും ഇടതുപക്ഷവും ദേശീയതയും’ സെമിനാർ എം എ ബേബി ഉദ്ഘാടനംചെയ്തു. എളമരം കരീം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം പി കെ സൈനബ അധ്യക്ഷയായി.
പത്തനംതിട്ട സമ്മേളനത്തിന്റെ പൊതുസമ്മേളനം വൈകിട്ട് നാലിന് പി ബി സന്ദീപ്കുമാർ നഗറിൽ (അടൂർ കെഎസ്ആർടിസി ജങ്ഷൻ) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യും.