ന്യൂഡൽഹി
ഇപിഎഫ് അക്കൗണ്ടിൽ അംഗത്തിന്റെ നോമിനിയെ ചേർക്കാനുള്ള നിർദേശം നിലനിൽക്കെ ഇപിഎഫ്ഒയുടെ വെബ്സൈറ്റ് ലഭ്യമാകുന്നില്ല. രാജ്യവ്യാപകമായി പരാതി ഉയരുന്നു. ഡിസംബർ 31നകം ഓൺലൈനിൽ നോമിനിയുടെ വിവരങ്ങൾ ചേർക്കാനാണ് ഇപിഎഫ്ഒയുടെ നിർദേശം. അല്ലാത്തപക്ഷം വായ്പ എടുക്കാനാകില്ല. അതേസമയം, മുമ്പ് പലതവണ സമയപരിധി നീട്ടിയിരുന്നു.
അക്കൗണ്ടിനെ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നവംബർ 30ന് പൊതുവെ അവസാനിച്ചെങ്കിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ളവർക്കും മറ്റ് പ്രത്യേക മേഖലകളിലുള്ളവർക്കും ഡിസംബർ 31 വരെ സമയം നീട്ടി നൽകിയിരുന്നു. വെബ്സൈറ്റ് കിട്ടാതായതോടെ ഇവരും ബുദ്ധിമുട്ടിലാണ്. ആധാറുമായി അക്കൗണ്ട് ബന്ധിപ്പിക്കാത്തവരുടെ പ്രതിമാസവിഹിതംപോലും സ്വീകരിക്കില്ല.
വെബ്സൈറ്റ് ഉപയോഗിക്കാൻ ശ്രമിക്കുന്നവരുടെ എണ്ണം വൻതോതിൽ വർധിച്ചതോടെയാണ് സാങ്കേതികപ്രശ്നം ഉണ്ടായതെന്ന് ഇപിഎഫ്ഒ ജീവനക്കാർ പറയുന്നു. ഇപിഎഫ്ഒ സൈറ്റിന്റെ തകരാറിനെതിരെ ട്വിറ്ററിലും പ്രതിഷേധം ഉയർന്നു.