ന്യൂഡൽഹി
നീറ്റ് പിജി കൗൺസലിങ് വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കി റസിഡന്റ് ഡോക്ടർമാര്‍. ചൊവ്വാഴ്ച ഡോക്ടർമാരുടെ സുപ്രീംകോടതി മാർച്ച് സഫ്ദർജങ് ആശുപത്രിക്കു മുന്നിൽ പൊലീസ് തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു.
ആശുപത്രിയുടെ എല്ലാ പ്രവേശനകവാടവും പൊലീസ് അടച്ചിട്ടു. ബലംപ്രയോഗിക്കുകയും കേസെടുക്കുകയും ചെയ്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ബുധൻ പകൽ എട്ടുമുതൽ രാജ്യവ്യാപകമായി ഡോക്ടർമാർ ആരോഗ്യസേവനപ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന് ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ (എഫ്എഐഎംഎ) ആഹ്വാനം ചെയ്തു. സമാധാനപൂർവം പ്രതിഷേധിച്ചവര്‍ക്കുനേരെ പൊലീസ് പ്രകോപനമില്ലാതെ ലാത്തിച്ചാർജ് നടത്തുകയായിരുന്നു. കഴിഞ്ഞദിവസം റോഡ് ഉപരോധിച്ച ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ വസതിയിലേക്കുള്ള മാർച്ചും തടഞ്ഞു. നിരവധി ഡോക്ടർമാര്‍ കസ്റ്റഡിയിലാണ്. ഇതേത്തുടർന്ന് നൂറുകണക്കിനു ഡോക്ടർമാർ സരോജിനഗർ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. നീറ്റ് പിജി അഖിലേന്ത്യാ ക്വോട്ടയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്കവിഭാഗക്കാർക്കും പിന്നാക്കവിഭാഗക്കാർക്കും സംവരണം അനുവദിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇത് ചോദ്യംചെയ്തുള്ള ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കേസിൽ വേഗം വാദംകേൾക്കൽ പൂർത്തിയാക്കണമെന്നും കൗൺസലിങ് നടപടി വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടാണ് ഡോക്ടർമാരുടെ പ്രക്ഷോഭം.
സമരം അവസാനിപ്പിക്കണം: കേന്ദ്ര ആരോഗ്യമന്ത്രി
റസിഡന്റ് ഡോക്ടർമാർ നടത്തുന്ന സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ്മാണ്ഡവ്യ. ഡോക്ടർമാരും ആരോഗ്യമന്ത്രിയും ചൊവ്വാഴ്ച ചർച്ച നടത്തി. ഡോക്ടർമാർക്ക് നേരെയുണ്ടായ പൊലീസ് നടപടിയിൽ ഖേദം പ്രകടിപ്പിക്കണമെന്നും കേസുകൾ പിൻവലിക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടു.