തലശേരി > ആർഎസ്എസ് കേന്ദ്രത്തിൽ കുട്ടികളുടെ ക്രിസ്മസ് കാരൾ സംഘത്തെ ബിജെപി നേതാക്കൾ തടഞ്ഞു. പത്തായക്കുന്ന് കൊങ്കച്ചിയിലാണ് ക്രിസ്മസ് ആഘോഷം തടഞ്ഞ് കുട്ടികളെ മർദിച്ചത്. അധ്യാപകനായ ബിജെപി മണ്ഡലം നേതാവും സംഘവുമാണ് ആഘോഷം തടയാനും മർദിക്കാനും നേതൃത്വം നൽകിയത്. ക്രിസ്മസ് കാരളിനായി വാടകക്ക് വാങ്ങിയ സാമഗ്രികൾ കുട്ടികളിൽനിന്ന് പിടിച്ചുപറിച്ചു. ‘ഓണവും വിഷുവും അവർ (ക്രിസ്ത്യാനികൾ) ആഘോഷിക്കാറുണ്ടോ’ എന്ന് ചോദിച്ചായിരുന്നു ഭീഷണി.
കൊങ്കച്ചിയിലെ ബിജെപി അനുഭാവി കുടുംബത്തിലെ കുട്ടികളാണ് പുൽകൂടൊരുക്കിയും സാന്താക്ലോസിന്റെ വേഷമണിഞ്ഞും ക്രിസ്മസ്-ന്യൂഇയർ ആഘോഷമൊരുക്കിയത്. കഴിഞ്ഞ ഏതാനും വർഷമായി പ്രദേശത്ത് കുട്ടികളുടെ ക്രിസ്മസ്-ന്യൂഇയർ ആഘോഷമുണ്ട്. 23ന് രാത്രി കുട്ടികൾ ഒത്തുകൂടി പുൽകൂടൊരുക്കിയപ്പോഴാണ് എതിർപ്പുമായി നേതാക്കളെത്തിയത്. ക്രിസ്മസ് പരിപാടിയൊന്നും ഇവിടെ നടക്കില്ലെന്ന് പറഞ്ഞായിരുന്നു ഭീഷണി. നേതാക്കളുടെ ആജ്ഞ അനുസരിക്കാതിരുന്ന ഏതാനും കുട്ടികൾക്ക് അടിയേറ്റു.
കുട്ടികളെ മർദിച്ചതിൽ പ്രതിഷേധിച്ച് ക്രിസ്മസ് തലേന്ന് അമ്മമാർ ഇറങ്ങി ആഘോഷമൊരുക്കി. പുൽകൂടൊരുക്കുകയും കേക്ക് മുറിക്കുകയും ചെയ്തു. ജാതിമതഭേദമില്ലാതെ ക്രിസ്മസും പുതുവത്സരവും ജനങ്ങൾ ആഘോഷിക്കാറുണ്ട്. കുട്ടികൾ സാന്താക്ലോസിന്റെ വേഷവും ഗാനങ്ങളുമായി ഗൃഹസന്ദർശനം നടത്താറുമുണ്ട്. ഇതിനാണ് ബിജെപി വിലക്കേർപ്പെടുത്തിയത്. മറ്റു പ്രദേശങ്ങളിൽനിന്നെത്തിയവരാണ് കുട്ടികളുടെ ആഘോഷം തടയുകയും മർദിക്കുകയും ചെയ്തതെന്ന് നാട്ടുകാർ പറഞ്ഞു.