സമയം പ്ലസിനോട് പറഞ്ഞു.
”മതം വിടാനുള്ള തീരുമാനത്തിന് ഞാൻ വലിയ വില കൊടുക്കേണ്ടി വന്നു. എന്റെ ഉമ്മയെ അവർ വീട്ടുതടങ്കലിൽ ആക്കി. കുടുംബ ബന്ധങ്ങൾ നിരുപാധികമാണെന്ന് ഞാൻ വിശ്വസിക്കുന്നത്. അവർക്ക് പക്ഷേ, ബന്ധങ്ങളെക്കാൾ വലുത് വിശ്വാസമാണ്. കുടുംബക്കാരുടെ ഭീഷണിക്കു പുറമെ പുറത്ത് നിന്നും പലതരം ഭീഷണികൾ ഞാൻ നേരിട്ടു. റോഡിൽ ഇറങ്ങിയാൽ കൊല്ലുമെന്ന് ചിലർ ഭീഷണിപ്പെടുത്തി.
ഇത് ഞാൻ മാത്രം നേരിടുന്ന പ്രശ്‌നമല്ല. മതം വിട്ട മറ്റു ചിലർ ബഹിഷ്‌കരണം നേരിടുന്നുണ്ട്. പലർക്കും വധഭീഷണിയുണ്ട്.”– ഇസ്ലാം മതം ഉപേക്ഷിച്ചവരുടെ കേരളത്തിലെ കൂട്ടായ്മായ ‘എക്‌സ് മുസ്ലീംസ് ഓഫ് കേരളയുടെ’ പ്രസിഡന്റ് കൂടിയായ ലിയാഖത്ത് അലി വിശദീകരിച്ചു.
ഇസ്ലാം മതം ഉപേക്ഷിച്ചവരുടെ കൂട്ടായ്മ രണ്ടു വർഷം മുമ്പാണ് സോഷ്യൽ മീഡിയയിൽ ആരംഭിക്കുന്നത്. 2021 ഡിസംബർ 15ന് ‘എക്‌സ് മുസ്ലീംസ് ഓഫ് കേരള’ എന്ന പേരിൽ സംഘടന നിയമപരമായി രജിസ്റ്റർ ചെയ്തു.
”മതം ഉപേക്ഷിച്ച് സ്വതന്ത്രരായി സമാധാനത്തോടെ ജീവിക്കുന്ന നിരവധി പേർ കേരളത്തിലുണ്ട്. ഇസ്ലാം വിട്ടതായി പ്രഖ്യാപിക്കാതെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കാതെ ജീവിക്കുന്നവർക്ക് വലിയ പ്രശ്‌നങ്ങളുണ്ടാവണമെന്നില്ല. പക്ഷേ, ഇസ്ലാം ഉപേക്ഷിച്ചെന്ന് പ്രഖ്യാപിച്ചവർ മറ്റു വിഭാഗങ്ങളൊന്നും നേരിടാത്ത അത്രയും വലിയ പ്രശ്‌നങ്ങളാണ് നേരിടുന്നത്. അതിനാലാണ് ‘എക്‌സ് മുസ്ലീംസ് ഓഫ് കേരള’ എന്ന പേരിൽ സംഘടന രൂപീകരിക്കേണ്ടി വന്നത്.” –ലിയാഖത്ത് അലി പറയുന്നു.
സംഘടന രജിസ്റ്റർ ചെയ്ത ശേഷം സംഘടനയുടെ ട്രഷററായ ആയിശ മർക്കർഹൗസിനെതിരെ സമുദായത്തിന് അകത്ത് നിന്ന് കടുത്ത പ്രചരണമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ലിയാഖത്ത് പറയുന്നു.
ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കാനും പ്രചരിപ്പിക്കാനും മതം മാറാനും മതരഹിതരായി ജീവിക്കാനും ഇന്ത്യൻ ഭരണഘടന പൗരൻമാർക്ക് അവകാശം നൽകുന്നുണ്ട്. പൊതുസുരക്ഷ, സമാധാനം എന്നിവ ഉറപ്പുവരുത്തുന്ന രീതിയിൽ ഈ അവകാശം വിനിയോഗിക്കാം. അങ്ങനെയാണ് ഇന്ത്യയിൽ വിശ്വാസങ്ങൾ നിയമപരമായി സംരക്ഷിക്കപ്പെടുന്നത്.
ഇസ്ലാം മതം വിട്ടവരുടെ കുടുംബത്തിൽ വിശ്വാസപരമായ കണിശതയുള്ളവരുണ്ടെങ്കിൽ വലിയ പ്രശ്‌നങ്ങൾ നേരിടുമെന്നാണ് ലിയാഖത്ത് അലിയുടെ അനുഭവം പറയുന്നത്.
”വിശ്വാസം ഒഴിവായാൽ വിവാഹബന്ധം വരെ നിയമവിരുദ്ധമാവുമെന്നാണ് അവർ വിശ്വസിക്കുന്നത്. മതം ഒഴിവാക്കിയ വ്യക്തിയുടെ പങ്കാളി വിശ്വാസിയാണെങ്കിൽ പ്രശ്‌നം രൂക്ഷമാവും. പങ്കാളികൾ തമ്മിലുള്ള അടുപ്പത്തിന് മുകളിലായാണ് വിശ്വാസത്തെ ഇസ്ലാം കാണുന്നത്.” — വ്യക്തി ജീവിതത്തെ കുറിച്ച് ലിയാഖത്ത് അലി പറയുന്നു.
”മതം വിട്ടവരോട് കുടുംബം അനുഭാവപൂർണ്ണമായ നിലപാട് സ്വീകരിക്കുകയാണെങ്കിൽ മഹല്ല് കമ്മിറ്റി രംഗത്തെത്തും. കുടുംബത്തിന് എതിരെയായിരിക്കും പിന്നീട് മഹല്ല് പ്രവർത്തിക്കുക. കുടുംബത്തിന്റെ വ്യാപാരം, തൊഴിൽ തുടങ്ങി എല്ലാ മേഖലയിലും വിലക്കുകൾ ഏർപ്പെടുത്തും. അന്തസോടെ ജീവിക്കാൻ ഭരണഘടനയും നിയമവ്യവസ്ഥയും പൗരന് അവകാശം നൽകുമ്പോഴാണ് മഹല്ലുകൾ ഇത്തരത്തിൽ പ്രവർത്തിക്കുന്നത്. ഭരണഘടനക്കും നിയമവ്യവസ്ഥക്കും മുകളിൽ മഹല്ലുകൾ ഇസ്ലാമിക നിയമം അടിച്ചേൽപ്പിക്കുന്നതിനെ എതിർക്കലാണ് ഞങ്ങളുടെ പ്രധാനലക്ഷ്യങ്ങളിൽ ഒന്ന്. കേരളത്തിൽ മഹല്ലുകൾ സമാന്തര സർക്കാരിനെ പോലെ പ്രവർത്തിക്കുന്നുവെന്നാണ് ‘ലൈറ്റ് ഓഫ് മിഹറാബ്’ പരിപാടിയിൽ സാദിഖലി ശിഹാബ് തങ്ങൾ അവകാശപ്പെട്ടത്. ഇത്തരം നിലപാടുകളെ എതിർത്ത് തോൽപ്പിക്കുന്നത് ഭരണഘടനാപരമായ ദൗത്യവുമാണ്.” — ലിയാഖത്ത് അലി സംഘടനാ ലക്ഷ്യങ്ങൾ വിശദീകരിച്ചു.
ഇസ്ലാം വിട്ടവരുടെ കൂട്ടായ്മ സോഷ്യൽ മീഡിയയിൽ ആരംഭിച്ചപ്പോൾ തന്നെ നൂറുകണക്കിന് പേർ അംഗങ്ങളായെന്നാണ് സംഘടനയുടെ എക്‌സിക്യൂട്ടീവ് അംഗവും നോൺ റീലീജ്യസ് സിറ്റിസൺസിന്റെ പ്രസിഡന്റുമായ ആരിഫ് ഹുസൈൻ തെരുവത്ത്
സമയം പ്ലസിനോട് പറഞ്ഞത്.
”മതം വിടുന്നവരെ കാഫിർ ആയാണ് മുസ്ലിം ഉമ്മത്ത് (വിശ്വാസം) കാണുന്നത്. കാഫിർ ‘നജസ്’ അഥവാ അശുദ്ധം ആണ്. അശുദ്ധമായതിനെ സ്പർശിക്കുന്നതിന് ഇസ്ലാമിൽ വിലക്കുണ്ട്. അതിനാൽ എന്നെ തൊടാൻ പോലും ഉമ്മ തയ്യാറല്ല. ഉമ്മയും മകനും തമ്മിലുള്ള ബന്ധം പോലും ഇസ്ലാം ഇല്ലാതാക്കുന്നു. മതം വിടുന്നവരുടെ വിവാഹബന്ധവും ഇസ്ലാം റദ്ദാക്കുന്നു. ഹിന്ദു മതം വിട്ട് ഇസ്ലാം സ്വീകരിച്ച ഒരു പെൺകുട്ടി ഹിന്ദുവായ മാതാപിതാക്കളുടെ കൂടെ എടുത്ത ഫോട്ടോ ഇസ്ലാമിസ്റ്റുകൾ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. ഇസ്ലാമിൽ നിന്ന് പുറത്തുപോയ തങ്ങളുടെ മക്കളുമായി ഒരു ഫോട്ടോ എടുക്കാൻ അവർ നിലവിൽ തയ്യാറാണോ” — ആരിഫ് ഹുസൈൻ തെരുവത്ത് ചോദിക്കുന്നു.
ഇസ്ലാം സമാധാനത്തിന്റെ മതമാണെങ്കിൽ അൽഖൈ്വയ്ദ, താലിബാൻ, ഐസിസ് പോലുള്ള സംഘടനകൾ എങ്ങനെയാണ് ഉണ്ടായതെന്നും ആരിഫ് ചോദിക്കുന്നു. ”ആ സംഘടനകളെല്ലാം ഖുർആനും ഹദീസുകളും പാലിച്ചാണ് പ്രവർത്തിക്കുന്നത്. തബ്ലീഗ് ജമാഅത്തിനെ സൗദി അറേബ്യയിലെ സർക്കാർ ഇപ്പോൾ നിരോധിച്ചിരിക്കുന്നു. ഇസ്ലാമിനെയാണ് യഥാർത്ഥത്തിൽ അവർ നിരോധിച്ചിരിക്കുന്നത്. കൊവിഡ് മഹാമാരിയുടെ തുടക്കത്തിൽ തബ്ലീഗ് ജമാഅത്ത് ഡൽഹി നിസാമുദ്ദീനിൽ നടത്തിയ പരിപാടിയെ വിമർശിച്ചവരെ ഇസ്ലാമോഫോബിക്കുകളായാണ് ഇസ്ലാം വിശ്വാസികൾ വിശേഷിപ്പിച്ചത്. സൗദിയിൽ തബ്ലീഗിനെ നിരോധിച്ചപ്പോൾ ഇസ്ലാമിനെ നിരോധിച്ചു എന്ന് അവർ പ്രചരിപ്പിക്കുന്നില്ല. ഇതെല്ലാം അവരുടെ ഇരട്ടത്താപ്പാണ് വ്യക്തമാക്കുന്നത്.” — ആരിഫ് ഹുസൈൻ തെരുവത്ത് ആരോപിക്കുന്നു.
സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ നടപ്പാക്കിയ ഇസ്ലാം പരിഷ്‌കരണം സ്ത്രീകൾക്ക് ചില അവകാശങ്ങൾ നൽകുന്നുണ്ടെന്നാണ് ആരിഫ് പറയുന്നത്.
”സ്ത്രീകൾക്ക് കാർ ഓടിക്കാനും ഒറ്റക്ക് പുറത്ത് പോവാനും അനുമതി ലഭിച്ചിരിക്കുന്നു. അതിനെല്ലാം തബ്ലീഗ് എതിരാണ്. അതാണ് അവരുടെ നിരോധനത്തിലേക്ക് എത്തിയത്. സാക്കിർ നായിക്കിനെ പോലുള്ളവർ ക്രിസ്മസ് ആഘോഷം മതവിരുദ്ധമാണെന്ന് പറഞ്ഞ് എല്ലാം മതക്കണ്ണു കൊണ്ട് കാണണമെന്ന് പഠിപ്പിക്കുന്നതിനെ ഞങ്ങൾ വിമർശിക്കുമ്പോൾ ഹിന്ദു തീവ്രവാദ സംഘങ്ങളുടെ വർഗീയ പ്രവൃത്തികൾ ചൂണ്ടിക്കാട്ടി ശ്രദ്ധ തിരിച്ചുവിടാനാണ് വിശ്വാസികൾ ശ്രമിക്കുന്നത്. ഭൂരിഭാഗം ഹിന്ദുവിശ്വാസികളും അവരെ തള്ളിപ്പറയാൻ മുന്നോട്ട് വരുന്നത് അവർ കാണുന്നുമില്ല. പകരം, സാക്കിർ നായിക്കിനെ പോലെയുള്ളവർ പറയുന്ന വർഗീയതയെ തിരിച്ചറിയാതെ, അത് തള്ളിപ്പറയാൻ തയ്യാറാവാതെ, അത്തരം തീവ്ര ഇസ്ലാമിക അധ്യാപനങ്ങൾ പതിയെ ആശ്ലേഷിച്ച് കൊണ്ട് അത് ഏറ്റു പറയുന്നവരായി വിശ്വാസികൾ മാറുന്ന എന്നതാണ് ഇന്ന് നമുക്ക് കാണാനാവുക. സാധാരണ വിശ്വാസികളെ വർഗീയ നിലപാടുകാരാക്കി പരിവർത്തനം ചെയ്യുന്നതിൽ വലിയ പങ്കാണ് ഇസ്ലാമിസ്റ്റുകൾക്കുള്ളത്. അത് മതേതരത്തിന് വലിയ ഭീഷണിയാണ്. ഞാനും പണ്ട് അത്തരത്തിലുള്ള വർഗീയവാദിയായിരുന്നു എന്ന് ലജ്ജയോടെ ഓർക്കുന്നു.”
*
ഇന്ത്യയിൽ ഭരണഘടനാപരമായ അവകാശങ്ങൾക്കായി വാദിക്കുന്നവർ തന്നെയാണ് ശരീഅത്ത് നിലവിലുള്ള രാജ്യങ്ങളിൽ ഇസ്ലാം വിമർശകരെയും യുക്തിവാദികളെയും ജയിലിൽ അടക്കാൻ കൂട്ടുനിൽക്കുന്നതെന്നാണ് സംഘടന പറയുന്നത്.
”യുക്തിവാദിയും ഇസ്ലാം മത വിമർശകനുമായ അബ്ദുൽഖാദർ പുതിയങ്ങാടിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ അറബിക്ക് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി അദ്ദേഹത്തെ ദുബൈയിലെ ജയിലിൽ അടപ്പിച്ചവരും അക്കൂട്ടരാണ്. അബ്ദുൽഖാദറിന് മൂന്നുവർഷം തടവ് ശിക്ഷയാണ് ലഭിച്ചിരിക്കുന്നത്.” — ആരിഫ് ചൂണ്ടിക്കാട്ടി.
ഇസ്ലാം മതം ഉപേക്ഷിക്കുന്നവർക്ക് നിയമപരവും ഭരണഘടനാപരവുമായ സംരക്ഷണം നൽകാനാണ് സംഘടന തീരുമാനിച്ചിരിക്കുന്നത്.
ജനനത്തോടെ തന്നെ കുട്ടികൾക്ക് മതം ലഭിക്കുന്നത് ഭരണഘടനാവിരുദ്ധമാണെന്നാണ് സംഘടന കരുതുന്നത്. അതിനാൽ തന്നെ കുട്ടികളിൽ ‘സുന്നത്ത്’ പോലെയുള്ള കർമങ്ങൾ നടത്തുന്നതിനെ നിയമപരമായി ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
”കുട്ടികൾ വളർന്ന് പ്രായപൂർത്തിയായ ശേഷം ഇഷ്ടമുള്ള വിശ്വാസം സ്വീകരിക്കട്ടെ. കുട്ടികളിൽ വിശ്വാസവും ആചാരങ്ങളും അടിച്ചേൽപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. അതിനെതിരെ നിയമനടപടി സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.” ലിയാഖത്ത് അലി പറഞ്ഞു.
ഇസ്ലാം വിട്ടവരെ വ്യക്തിഹത്യ ചെയ്യലും സംഘപരിവാർ അനൂകൂലികളാക്കി ചിത്രീകരിക്കലും സാധാരണമാണെന്നാണ് ലിയാഖത്ത് അലി പറയുന്നു.
”ഞങ്ങൾ സംഘ്പരിവാർ അനുകൂലികളാണെന്ന പ്രചരണം അസംബന്ധമാണ്. ഇന്ത്യയിൽ ആർ.എസ്.എസ് ഉള്ളതുകൊണ്ടാണ് ഞങ്ങൾക്ക് അവരുമായി ബന്ധമുണ്ടെന്ന് പറയുന്നത്. ജർമനിയിലെ നാസികൾ എതിരാളികളെ ജ്യൂതൻമാരെന്നാണ് വിളിച്ചിരുന്നത്. ഫാസിസ്റ്റ് സ്വഭാവമുള്ളവരുടെ രീതിയാണ് ഈ അപരവൽക്കരണം. ഞങ്ങൾ മുസ്ലീം വിരുദ്ധരല്ല. ഞങ്ങൾ ഇസ്ലാം എന്ന പ്രത്യയശാസ്ത്രത്തെയാണ് എതിർക്കുന്നത്. മുസ്ലീംകളുടെ പിന്നാക്കാവസ്ഥയുടെ കാരണം തന്നെ ഇസ്ലാമാണ്. നിലവിൽ ഞങ്ങൾ ഒരു രാഷ്ട്രീയപാർട്ടിക്കും പിന്തുണ നൽകുകയോ സ്വീകരിക്കുകയോ ചെയ്യുന്നില്ല.”–ആരോപണങ്ങളെ നിഷേധിച്ച് ലിയാഖത്ത് പറയുന്നു.
ഇസ്ലാം മതം വിടുന്നതിനെ വ്യക്തിബന്ധങ്ങൾ, കുടുംബബന്ധങ്ങൾ, വ്യാപാരബന്ധങ്ങൾ എന്നിവ തകർക്കാൻ ‘മുസ്ലീം ഉമ്മത്തിനെ’ ഉപയോഗിക്കരുതെന്നാണ് ലിയാഖത്ത് ആവശ്യപ്പെടുന്നത്. മുസ്ലീം സ്ത്രീകൾക്ക് പരമ്പരാഗത സ്വത്തിൽ തുല്യമായ അവകാശം ലഭിക്കാത്ത അവസ്ഥയെ നിയമപരമായി ചോദ്യം ചെയ്യാനും സംഘടന തീരുമാനിച്ചിട്ടുണ്ട്. സംഘടനയിൽ നിലവിൽ സ്ത്രീപുരുഷ അനുപാതം 50:50 ആണ്.’ബിഗ് ബോസ്’ ഷോയിൽ പങ്കെടുത്ത ജസ്‌ല മാടശേരിയാണ് സംഘടനയുടെ വൈസ് പ്രസിഡന്റ്. സി.കെ ഫൈസൽ ജോയിന്റ് സെക്രട്ടറിയാണ്. ലിംഗ ന്യൂനപക്ഷങ്ങൾക്ക് പ്രാതിനിധ്യം നൽകാൻ സംഘടന തീരുമാനിച്ചിട്ടുണ്ട്.
“സ്ത്രീകളുടെ അവകാശങ്ങൾ മതങ്ങൾ കവരുന്നു”
സ്ത്രീകളെ അടിച്ചമർത്താനുള്ള ഉപകരണമായാണ് പുരുഷാധിപത്യ സമൂഹങ്ങൾ മതങ്ങളെ ഉപയോഗിക്കുന്നതെന്ന് എക്‌സ് മുസ്ലീംസ് ഓഫ് കേരള ജനറൽ സെക്രട്ടറിയായ പി.എം.സഫിയ
സമയം പ്ലസിനോട് പറഞ്ഞു. പരമ്പരാഗത സ്വത്തിലുള്ള സ്ത്രീകളുടെ അവകാശം ചുരുക്കുന്ന ഇസ്ലാമിക നിയമങ്ങൾ ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതക്ക് എതിരാണെന്നാണ് സഫിയ വാദിക്കുന്നത്.
”സ്വന്തം വിശ്വാസത്തിന് അനുസരിച്ച് വ്യക്തികൾ ജീവിക്കുന്നതിന് ആരും എതിരല്ല. അങ്ങനെ ജീവിക്കാൻ ഭരണഘടന എല്ലാവർക്കും അവകാശം നൽകുന്നു. അതുപക്ഷേ, സ്ത്രീകളുടെ അവകാശങ്ങൾ ഇല്ലാതാക്കാൻ ഉപയോഗിക്കാനാവില്ല. പരമ്പരാഗത സ്വത്തിൽ സ്ത്രീകൾക്ക് മൂന്നിലൊന്ന് നൽകാനാണ് ഇസ്ലാമിക നിയമം പറയുന്നത്. ഇത് ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യതക്ക് എതിരാണെന്നതിൽ എന്തെങ്കിലും സംശയമുണ്ടോ? എല്ലാവർക്കും തുല്യമായ അവകാശം നൽകുന്ന പൊതു നിയമം വേണമെന്നാണ് എന്റെ ആവശ്യം. മതവിശ്വാസപ്രകാരം അവകാശം നിശ്ചയിക്കണമെന്നു കരുതുന്നവർക്ക് അങ്ങനെ ചെയ്യാനുള്ള സ്വാതന്ത്ര്യവുമുണ്ടല്ലോ. പുരുഷാധിപത്യമുള്ള ഇസ്ലാം പുരുഷാധിപത്യമുള്ള ഇന്ത്യൻ സമൂഹത്തിൽ എത്തുമ്പോൾ കൂടുതൽ അപകടകരമായി മാറുകയാണ്.” — പി.എം സഫിയ പറയുന്നു.
സ്ത്രീകളും കുട്ടികളുമാണ് മതത്തിന്റെ പ്രശ്‌നം കൂടുതലായി തിരിച്ചറിയുന്നവരെന്നാണ് സഫിയയുടെ അനുമാനം.
”കുടുംബ-സാമൂഹിക ബന്ധങ്ങൾ നിലനിർത്താൻ വേണ്ടി പല സ്ത്രീകളും വിശ്വാസികളായി അഭിനയിക്കുകയാണ്. സ്വന്തം കാലിൽ നിൽക്കാൻ കഴിയാത്ത സാഹചര്യവും അവരുടെ തെരഞ്ഞെടുപ്പിനെ ബാധിക്കുന്നു.” — സഫിയ പറയുന്നു.
”പുതുതായി ആരെങ്കിലും ഇസ്ലാം ആശ്ലേഷിക്കുമ്പോൾ ആഘോഷിക്കുന്നവർ തന്നെ ആരെങ്കിലും മതം വിടുമ്പോൾ അക്രമാസക്തരാവുകയാണ്. ഇഷ്ടമുള്ള മതം സ്വീകരിക്കാനും പ്രചരിപ്പിക്കാനും ഭരണഘടന നൽകുന്ന അവകാശം ഉപയോഗിച്ചാണ് ആളുകൾ ഇസ്ലാം സ്വീകരിക്കുന്നതെന്നും അതേ അവകാശം ഉപയോഗിച്ച് തന്നെയാണ് ആളുകൾ പുറത്തുപോവുന്നതെന്നും അവർ മനസിലാക്കുകയും വേണം.” — സഫിയ നിലപാട് വ്യക്തമാക്കുന്നു.
*
പരമ്പരാഗത ഇസ്ലാമിക രീതികളിൽ നിന്ന് മാറി ജീവിക്കുന്ന അഹമ്മദിയാ വിഭാഗത്തിലായിരുന്നു കോഴിക്കോട് സ്വദേശി ആയിശ വിശ്വസിച്ചിരുന്നത്. അഹമ്മദിയാ വിഭാഗത്തിന്റെ അഞ്ചാം ഖലീഫയുടെ സഹോദരിയുടെ ഭർത്താവ് നടത്തിയ ലൈംഗികപീഡനത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതിന് തന്നെ മുർത്തദ് (ആത്മീയ വിശ്വാസം ത്യജിച്ചയാൾ) ആയി പ്രഖ്യാപിച്ചെന്ന് ആയിശ പറയുന്നു. എക്‌സ് മുസ്ലീംസ് ഓഫ് കേരളയുടെ ട്രഷറർ ആണ് ഇപ്പോൾ ആയിശ.
2021 ഡിസംബർ 17ന് വെള്ളിയാഴ്ച്ചയാണ് പള്ളിയിൽ വെച്ച് ആയിശയെ ‘മുർത്തദ്’ ആയി പ്രഖ്യാപിച്ചത്.
“നാലാം ഖലീഫയുടെ ചെറുമകളെയാണ് അഞ്ചാം ഖലീഫയുടെ ബന്ധു പീഡിപ്പിച്ചത്. ഇക്കാര്യം മൂടിവെക്കാൻ ആവശ്യപ്പെടുന്ന ഖലീഫയുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു. അതിനെതിരെ പോസ്റ്റിട്ടതിന് ശേഷമാണ് എനിക്കെതിരെ പ്രഖ്യാപനം നടത്തുന്നത്. ബലാൽസംഗം ആരോപണത്തിന് നാലു സാക്ഷികളെ കൊണ്ടുവരണമെന്നാണ് ഇസ്ലാമിക നിയമം എന്നാണ് ഖലീഫ പറഞ്ഞത്. ഇതിനെതിരെ എഴുതാൻ തുടങ്ങിയപ്പോഴാണ് എന്നെ പുറത്താക്കുന്നത്.” .
”എന്നെ ഒറ്റപ്പെടുത്താനാണ് അവർ ശ്രമിക്കുന്നത്. അഹമ്മദിയ വിഭാഗത്തിന്റെ സാമൂഹിക ജീവിതത്തിൽ പള്ളിക്ക് വലിയ പ്രാധാന്യമുണ്ട്. പള്ളി വഴിയാണ് എന്റെ കുടുംബത്തെ കുത്തിമുറിവേൽപ്പിക്കുന്നത്. എന്നെ ഉൾകൊള്ളാനും തള്ളാനും കഴിയാത്ത അവസ്ഥയിലാണ് അവരുള്ളത്. പള്ളിയും പുരോഹിതരും ചേർന്ന് എന്നെ ഒരു വില്ലൻ കഥാപാത്രമാക്കി മാറ്റിയിരിക്കുകയാണ്.”– ആയിശ
സമയം പ്ലസിനോട് പറയുന്നു.
ആദ്യകാലത്ത് ഇസ്ലാമിന് വേണ്ടി പോരാടിയിരുന്ന താൻ മുഹമ്മദ് നബിയുടെ ജീവചരിത്രം വായിച്ച ശേഷമാണ് മതം വിട്ടതെന്ന് ആയിശ പറഞ്ഞു.
”സോഷ്യൽ മീഡിയയിലെ സമാന മനസ്‌കരുമായുള്ള ചർച്ചകൾ ആശയവ്യക്തതയുണ്ടാക്കാൻ സഹായിച്ചു. പാട്ടായും കഥകളായും പഠിപ്പിച്ചതിന് പുറമെ മുഹമ്മദ് നബിയുടെ ജീവിതത്തിന് മറ്റൊരു വശവുമുണ്ടായിരുന്നുവെന്ന് മനസിലാക്കിയത് അപ്പോഴായിരുന്നു. മുസ്ലീം സ്ത്രീകൾക്ക് ചോദ്യങ്ങൾ ചോദ്യങ്ങൾ ഉന്നയിക്കാൻ സ്ഥലങ്ങളില്ല. ശരീരത്തിൽ ധരിക്കുന്ന പർദ്ദക്ക് സമാനമായ ഒരു ‘സാമൂഹിക പർദ്ദ’ കൂടി നിലവിലുണ്ട്. ‘നിനക്ക് വിശ്വാസത്തെ കുറിച്ച് അറിയാഞ്ഞിട്ടാണ്, മതത്തിന്റെ അന്തസത്ത നിനക്ക് മനസിലായിട്ടില്ല, ബുദ്ധി ഇല്ലാത്തതിന്റെ പ്രശ്‌നമാണ് ഇതെല്ലാം’ എന്നൊക്കെയാണ് പലരും എന്നെ വിമർശിച്ചത്. വിശ്വാസമില്ലെങ്കിൽ മിണ്ടാതിരുന്നു കൂടെ എന്നും ചിലർ ചോദിച്ചു. ചിലർ എന്നെ ഭീഷണിപ്പെടുത്തി.” — ആയിശ അനുഭവം പറയുന്നു.
****