ആലപ്പുഴ > ‘മത തീവ്രവാദികളുടെ കൊലക്കത്തിക്ക് മറുപടി മത നിരപേക്ഷതയാണ്’ എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ വ്യാഴാഴ്ച സെക്കുലർ മാർച്ച് നടത്തുമെന്ന് ജില്ലാ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആലപ്പുഴയിൽ കഴിഞ്ഞയാഴ്ച നടന്ന കൊലപാതകങ്ങളിലൂടെ ആർഎസ്എസും എസ്ഡിപിഐ ലക്ഷ്യം വച്ചത് വർഗ്ഗീയ കലാപം സംഘടിപ്പിക്കുക എന്നതായിരുന്നു. ആലപ്പുഴയിൽ മാത്രമല്ല, കേരളത്തിലാകെ നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർത്ത് വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിച്ച് അക്രമപരമ്പരകൾ സംഘടിപ്പിക്കാൻ ഇരുകൂട്ടരും ശ്രമിക്കുകയാണ്.
ആലപ്പുഴയിൽ ഒരു പ്രകോപനമോ സംഘർഷമോ ഇല്ലാതെ നടന്ന കൊലപാതകങ്ങൾ കലാപത്തിനുള്ള ബോധപൂർവമായ ശ്രമത്തിന്റെ ഭാഗം തന്നെയായിരുന്നു. ആർഎസ്എസ്- ബിജെപി നേതൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കിയതായിരുന്ന മണ്ണഞ്ചേരിയിലെ കൊലപാതകം. ഇതിനു പിന്നാലെ മണിക്കൂറുകൾക്കകം ആലപ്പുഴ പട്ടണത്തിൽ എസ്ഡിപിഐ ക്രിമിനൽ സംഘം നടത്തിയ കൊലപാതകവും ഗൂഢാലോചന നടത്തി തന്നെ. കൊലപാതകം നടന്ന സമയത്ത് തന്നെ വയലാറിലും മറ്റ് പ്രദേശങ്ങളിലും ഇരുകൂട്ടരും വീടുകൾ ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കും സംഘർഷം വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു.
വർഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന മത തീവ്രവാദ ശക്തികൾക്കെതിരെയാണ് ഡിവൈഎഫ്ഐ സെക്കുലർ മാർച്ച് നടത്തുന്നത്. മണ്ണഞ്ചേരിയിൽ നിന്ന് ആലപ്പുഴയിലേക്കാണ് മാർച്ച്. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, സെക്രട്ടറി വി കെ സനോജ് തുടങ്ങിയ നേതാക്കൾ നേതൃത്യം നൽകും.
മണ്ണഞ്ചേരി കാവുങ്കൽ ക്ഷേത്രത്തിന് സമീപത്തുനിന്ന് പകൽ രണ്ടിന് സിപിഐ എം ജില്ലാ സെക്രട്ടറി ആർ നാസർ മാർച്ച് ഫ്ലാഗ് ഓഫ് ചെയ്യും. അയ്യായിരം പേർ റാലിയിൽ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് ആലപ്പുഴ ടൗൺ ഹാളിന് മുന്നിൽ സമാപന സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിലും വർഗീയതക്കെതിരെയും മത തീവ്രവാദത്തിനെതിരെയും വ്യാപക പ്രചാരണം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വാർത്താ സമ്മേളനത്തിൽ ഡിവൈഎഫ്ഐ ജില്ല പ്രസിഡന്റ് ജെയിംസ് സാമുവേൽ, സെക്രട്ടറി ആർ രാഹുൽ, ജോയിന്റ് സെക്രട്ടറി എഷാ നവാസ്, സംസ്ഥാന കമ്മറ്റി അംഗം എം എം അനസലി എന്നിവർ പങ്കെടുത്തു.