കൊല്ലം > തിരു‐കൊച്ചി മുൻ മുഖ്യമന്ത്രി സി കേശവന്റെ മകൾ മയ്യനാട് തോപ്പിൽ വീട്ടിൽ കെ ഇന്ദിരക്കുട്ടി (86) അന്തരിച്ചു. തിരുവനന്തപുരത്ത്1935 ഓഗസ്റ്റ് 8ന് സി കേശവന്റെയും വാസന്തിയുടെയും നാലാമത്തെ മകളായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം തിരുവനന്തപുരം ബാർട്ടൺ ഹിൽ ഫിലിം സ്കൂളിൽ. പിന്നീട് തിരുവനന്തപുരം വിമൻസ് കോളേജിൽ നിന്നും ബിഎസ്സി കെമിസ്ട്രിയിൽ ബിരുദവും വർക്കല നെടുങ്കണ്ട കോളേജിൽ നിന്നും ബിഎഡും പാസായി. മയ്യനാട് ഹയർ സെക്കൻഡറി അധ്യാപികയായി സേവനമനുഷ്ഠിച്ചു.
അധ്യാപനത്തിലും രാഷ്ട്രീയ സാമൂഹിക പ്രവർത്തനങ്ങളിലും കലാ സാംസ്കാരിക മേഖലകളിലും മികച്ച പ്രവർത്തനമായിരുന്നു ഇന്ദിരക്കുട്ടിയുടേത്. സി കേശവൻ അടിയുറച്ച കോൺഗ്രസ് നേതാവായിരുന്നെങ്കിൽ മകൾ ഇന്ദിര അടിയുറച്ച കമ്യൂണിസ്റ്റുകാരിയായിരുന്നു.
1995 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മയ്യനാട് ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ എൽഡിഎഫ് സ്ഥാനാർഥിയായി കോൺഗ്രസിലെ ഡി വി ഷിബുവിനെ പരാജയപ്പെടുത്തി. 1995 മുതൽ 1998 വരെ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയും 1998 മുതൽ 2000 വരെ മയ്യനാട് പഞ്ചായത്ത് പ്രസിഡന്റുമായി പ്രവർത്തിച്ചു. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കൗൺസിൽ അംഗം, മയ്യനാട് ആർ സി ബാങ്കിന്റെ ദീർഘകാല ഭരണസമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
സി വി കുഞ്ഞിരാമന്റെ മകൾ വാസന്തിയാണ് ഇന്ദിരക്കുട്ടിയുടെ അമ്മ. മകൾ മിനിയോടൊപ്പം കുടുംബവീടായ മയ്യനാട് തോപ്പിൽ വീട്ടിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. മൃതദേഹം ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ മയ്യനാട് പഞ്ചായത്ത് ഓഫീസിലെ പൊതുദർശനത്തിന് ശേഷം തോപ്പിൽ മുക്കിലെ സ്വവസതിയിൽ സംസ്കരിച്ചു.