കോഴിക്കോട്: ശശി തരൂർ എംപിക്കെതിരെ വീണ്ടും വിമർശനവുമായി കെ.പി.സി.സി മുൻഅധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ശശി തരൂർ പാർട്ടിയെ മറന്ന് തന്റെ അഭിപ്രായം പറയരുതെന്നാണ് മുല്ലപ്പള്ളി അഭിപ്രായപ്പെട്ടത്. രാവും പകലും അധ്വാനിച്ചാണ് പ്രവർത്തകർ അദ്ദേഹത്തെ വിജയിപ്പിച്ചത്. അഖിലേന്ത്യ നേതൃത്വം ഇടപെട്ട് തരൂരിനെ നിയന്ത്രിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
കോൺഗ്രസ് പാർട്ടി എല്ലാ കാലത്തും അച്ചടക്കം ഉയർത്തി പിടിക്കുന്നവരുടെ പാർട്ടിയാണ്. പാർട്ടി കൂറുള്ള ആരും പാർട്ടിയുടെ നിലപാട് മറന്ന് അഭിപ്രായം പറയില്ലെന്നും മുല്ലപ്പള്ളി ഓർമ്മിപ്പിച്ചു. തരൂർ പാർട്ടിയുടെ അഖിലേന്ത്യ നേതാവും എം.പിയുമായതിനാൽ കൂടുതൽ അഭിപ്രായം പറയുന്നില്ലെന്നും അഖിലേന്ത്യ നേതൃത്വമാണ് ഇക്കാര്യത്തിൽ അദ്ദേഹത്തെ നിയന്ത്രിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം തരൂരിനെതിരെ എ.ഐ.സി.സിക്ക് പരാതിയൊന്നും കിട്ടിയിട്ടില്ലെന്ന് കെ.സി വേണുഗോപാൽ പ്രതികരിച്ചു. തരൂരിന്റെ കാര്യത്തിൽ കെപിസിസി നേതൃത്വം അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും അത് ദേശീയ നേതൃത്വത്തിന് ബോധ്യമുള്ളതാണെന്നും വിഷയം തങ്ങളുടെ മുന്നിൽ വരുമ്പോൾ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ റെയിൽ വിഷയത്തിലെ തരൂരിന്റെ പ്രതികരണത്തെയും മുൻപ് മുല്ലപ്പള്ളി വിമർശിച്ചിരുന്നു. അച്ചടക്കം തരൂരിനും ബാധകമാണെന്നും ഹൈക്കമാൻഡ് അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പരസ്യമായി തുറന്നടിച്ചു. ഒരു കോൺഗ്രസുകാരനാണെങ്കിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് ജയിച്ച ഒരു എംപിയാണെങ്കിൽ അടിസ്ഥാനപരമായി തരൂർ ഒരു കോൺഗ്രസുകാരനാണ്.
അദ്ദേഹത്തിന് കോൺഗ്രസ് തത്വങ്ങൾ അറിയില്ല എന്നു പറയുന്നത് ശരിയല്ല. കൊച്ചുകുട്ടികൾക്ക് പോലും സിൽവർ ലൈനിന്റെ പ്രത്യാഘാതങ്ങൾ എന്താണെന്ന് അറിയാമെന്നാണ് കോൺഗ്രസ് എംപിമാരുടെ പ്രതിഷേധത്തിൽ നിന്ന് തരൂർ വിട്ട് നിന്നപ്പോൾ മുല്ലപ്പള്ളി പ്രതികരിച്ചത്.
Content Highlights: mullapally ramachandran against sashi tharoor again