തിരുവനന്തപുരം> നീതി ആയോഗിന്റെ ദേശീയ ആരോഗ്യസൂചിക പുറത്തുവന്നതിന് പിന്നാലെ കേരളത്തെ അഭിനന്ദിച്ച് ശശി തരൂര്‍ എംപി. സദ്ഭരണം എന്താണെന്ന് യുപി സര്‍ക്കാര്‍ കേരളത്തെ കണ്ടുപഠിക്കണമെന്ന് ട്വീറ്റ് ചെയ്ത തരൂര്‍ പട്ടികയില്‍ ഏറ്റവും പിന്നിലായ യോഗി സര്‍ക്കാരിനെ പരിഹസിക്കുകയും ചെയ്തു.
കേരളം യുപിയെ കണ്ടുപഠിക്കണമെന്ന യോഗി ആദിത്യനാഥിന്റെ 2017ലെ പ്രസ്താവനയ്ക്കാണ് ശശി തരൂര്‍ മറുപടി നല്‍കിയത്.കേരളം ആരോഗ്യ സൂചികയില്‍ ഒന്നാമതെത്തിയ വാര്‍ത്തയും കേരളം യു പിയില്‍ നിന്ന് പഠിക്കണമെന്ന യോഗിയുടെ പ്രസ്താവനയും ടാഗ് ചെയ്താണ് തരൂര്‍ ട്വീറ്റ് ചെയ്തത്.
‘യോഗി ആദിത്യനാഥ് ആരോഗ്യസുരക്ഷ മാത്രമല്ല സദ്ഭരണവും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന രാഷ്ട്രീയ നിലപാടുകളും എന്താണെന്ന് കേരളത്തെ കണ്ടു പഠിക്കണം. എങ്കില്‍ രാജ്യത്തിന് ഗുണമുണ്ടാകും. എന്നാല്‍ രാജ്യത്തെ നിങ്ങളുടെ അവസ്ഥയിലേക്ക്
തള്ളിവിടാനാണ് നിങ്ങള്‍ ശ്രമിക്കുന്നത് ‘- തരൂര്‍ കുറിച്ചു.
If the likes of @myogiadityanath would learn not just health practices but good governance & inclusive politics from Kerala, the country would benefit. Instead they keep trying to drag the country down to their level! pic.twitter.com/QspuEVhnjR
— Shashi Tharoor (@ShashiTharoor) December 27, 2021
ആരോഗ്യമേഖലയില്‍ കേരളം ഒന്നാം സ്ഥാനം നേടിയപ്പോള്‍ തമിഴ്നാടും തെലങ്കാനയുമാണ് പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയത്. ആരോഗ്യമേഖലയില്‍ കേരളം നടത്തുന്ന പ്രകടനത്തെ പുകഴ്ത്ത നീതി ആയോഗ് അംഗം വികെ പോള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.