കിഴക്കമ്പലം > കിറ്റക്സ് തൊഴിലാളികള് പൊലീസ് ജിപ്പ് കത്തിക്കുകയും പൊലീസുകാരെ ആക്രമിക്കുകയും ചെയ്ത കേസില് അന്വേഷണത്തിനെതിരെ കമ്പനി എംഡി സാബു എം ജേക്കബ്. പൊലീസ് കസ്റ്റഡിലെടുത്ത 151 പേരും നിരപരാധികളാണെന്ന് സാബു പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് കമ്പനി നടത്തിയ അന്വേഷണത്തില് 23 പേര് മാത്രമാണ് കുറ്റക്കാരെന്ന് കണ്ടെത്തി. ജനങ്ങളെ കബളിപ്പിക്കാനും കിറ്റെക്സ് കമ്പനിയെ തകര്ക്കാനും പൊലീസ് നിരപരാധികളെ ജയിലിലടച്ചിരിക്കുകയാണെന്നും സാബു വാര്ത്താസമ്മേളനത്തില് ആരോപിച്ചു. കിറ്റെക്സിന്റെ അഭിഭാഷകന് കോടതിയില് ഹാജരാകാതിരുന്നത് വിവാദങ്ങള് ഒഴിവാക്കാനാണെന്നായിരുന്നു സാബുവിന്റെ വിശദീകരണം.
കസ്റ്റഡിയിലുള്ള 12 പേരെ കമ്പനിക്ക് അറിയില്ലെന്നും എംഡി വാദിച്ചു. 12 ലൈന് ക്വാര്ട്ടേഴ്സുകളിലായി 984 പേരാണ് താമസിക്കുന്നത്. ഇതില് 499 പേര് മലയാളികളാണ്. 485 പേരാണ് ഇതര സംസ്ഥാന തൊഴിലാളികള്. മലയാളികളെ ഒഴിവാക്കി മറ്റ് സംസ്ഥാനങ്ങളില് നിന്നുള്ളവരെ മാത്രം പൊലീസ് പിടിച്ചുകൊണ്ടുപോയി. രണ്ട് മണിക്കൂര് കൊണ്ട് 164 പേരെ കസ്റ്റഡിയിലെടുത്ത് പ്രതികളാക്കി. ഒരു തെളിവുമില്ലാതെ, അതിവേഗത്തില് ചിലരെ മാത്രം പിടികൂടിയത് പേരിനുവേണ്ടിയാണ്. കിറ്റെക്സിനെ നശിപ്പിക്കാനും ട്വന്റി 20യെ ഇല്ലാതാക്കാനുമായി നിരപരാധികളെ ജയിലിലടച്ചിരിക്കുകയാണെന്നും, തൊഴിലാളികളെക്കുറിച്ച് നാട്ടുകാര്ക്ക് പരാതിയുണ്ടെങ്കില് പൊലീസില് പരാതിപ്പെടട്ടെയെന്നും സാബു ജേക്കബ് പറഞ്ഞു.