തൃശ്ശൂർ: എം.ജി ശ്രീകുമാറിനെ കേരള സംഗീത-നാടക അക്കാദമി ചെയർമാനായി നിയമിക്കുന്നതിനെതിരെ നവമാധ്യമങ്ങളിൽ ഇടതുപക്ഷ അനുഭാവികളുടെ വിമർശനം ഉയരുന്നതിനിടയിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് വി.ടി.ബൽറാം. കേരള സംഗീത-നാടക അക്കാദമിയുടെ തലപ്പത്ത് നടത്തിയിരിക്കുന്ന പുതിയ നിയമനങ്ങൾ ഏത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണെന്ന് വിശദീകരിക്കേണ്ടത് പിണറായി വിജയനും കൂട്ടരും മാത്രമല്ല, ഇക്കാലമത്രയും ഇടതുപക്ഷത്തിനുവേണ്ടി വായിട്ടലച്ചുകൊണ്ടിരുന്ന മുഴുവൻ സാംസ്കാരിക പരാദജീവികളുമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
വി.ടി. ബൽറാമിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ചലച്ചിത്ര അക്കാദമിയിൽ ജീവനക്കാരായി സിപിഎമ്മുകാരെ പിൻവാതിലിലൂടെ നിയമിക്കുന്നതിന് ശുപാർശ ചെയ്തുകൊണ്ട് അന്ന് ചെയർമാനായിരുന്ന കമൽ പറഞ്ഞത് അത് അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്താനാണെന്നാണ്. എന്ത് നിയമവിരുദ്ധതയും നെറികേടും കാണിച്ചാണെങ്കിലും ഇടതുപക്ഷ സ്വഭാവം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് കരുതുന്ന കേരളത്തിലെ സാംസ്ക്കാരിക പ്രമുഖരാരും ആ അഴിമതി നിയമനങ്ങളെ നേരിയ തോതിൽ പോലും എതിർക്കാൻ തയ്യാറായില്ല.
അതുകൊണ്ടുതന്നെ, ഇന്ന് കേരള സംഗീത നാടക അക്കാദമിയിലേക്കും മറ്റും തലപ്പത്ത് നടത്തിയിരിക്കുന്ന പുതിയ നിയമനങ്ങൾ ഏത് ഇടതുപക്ഷത്തെ ശക്തിപ്പെടുത്താനാണെന്ന് വിശദീകരിക്കേണ്ടത് പിണറായി വിജയനും കൂട്ടരും മാത്രമല്ല, ഇക്കാലമത്രയും ഇടതുപക്ഷത്തിന് വേണ്ടി വായിട്ടലച്ചു കൊണ്ടിരുന്ന മുഴുവൻ സാംസ്ക്കാരിക പരാദ ജീവികളുമാണ്. അതോ, ഇതു തന്നെയാണോ നിങ്ങളൊക്കെ തലയിലേറ്റിനടക്കുന്ന ഈ ഇടതുപക്ഷം ?
Content Highlights:VT Balram mock CPM over M G Sreekumar appointed as Sangeetha Nataka Akademimy chairman