കോട്ടയം > കിടപ്പാടമില്ലാത്തവര്‍ക്ക് സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി നിര്‍മിച്ചുനല്‍കുന്ന വീടുകളുടെ എണ്ണം 100 കടന്നു. ഒമ്പത് വീടുകളുടെ താക്കോല്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തിങ്കളാഴ്ച കൈമാറി. പഴയ പൊലീസ് സ്റ്റേഷന് മൈതാനത്ത് നടന്ന ചടങ്ങില്‍ സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വന്, സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ്, സഹകരണമന്ത്രി വി എന്‍ വാസവന്, ജില്ലാ സെക്രട്ടറി എ വി റസല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇതുവരെ ജില്ലയില്‍ 94 വീടുകളാണ് പൂര്‍ത്തീകരിച്ചത്. ഇതിനുപുറമെയാണ് ഒമ്പതെണ്ണംകൂടി പൂര്‍ത്തീകരിക്കുന്നത്. സംസ്ഥാന സമ്മേളനത്തിലെ തീരുമാനപ്രകാരമാണ് വീടില്ലാത്തവര്‍ക്ക് വീടുവച്ച് നല്‍കുകയെന്ന വലിയദൗത്യം പാര്‍ടി ഏറ്റെടുത്ത് നടപ്പാക്കിയത്. രണ്ട് വലിയ പ്രളയവും നിപ്പ, കോവിഡ് മഹാമാരികളും സൃഷ്ടിച്ച പ്രതിസന്ധി അതിജീവിച്ച് പ്രവര്‍ത്തകര്‍ നൂറിലേറെ കുടുംബങ്ങളുടെ സ്വപ്നം യാഥാര്‍ഥ്യമാക്കുകയായിരുന്നു.