മലപ്പുറം: നാടിനാവശ്യമായ ഒരു പദ്ധതിയും സർക്കാർ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികസനത്തിനുതകുന്ന ഒട്ടേറെ പദ്ധതികളുമായിട്ടാണ് സംസ്ഥാന സർക്കാർ ഇപ്പോൾ മുന്നോട്ട് പോയികൊണ്ടിരിക്കുന്നത്. അതൊന്നും അനുവദിക്കില്ല എന്ന രീതിയിൽ ചിലർ നിലപാട് സ്വീകരിക്കുന്നതായി നാം കാണുന്നുണ്ട്. നാടിനാവശ്യമായ ഒരു പദ്ധതിയും ഉപേക്ഷിക്കാൻ സർക്കാർ തയ്യാറാകില്ല മുഖ്യമന്ത്രി പറഞ്ഞു.
ദേശീയപാത വികസനത്തിന്റെ പേരിലും പ്രതിഷേധം നടന്നു. ഭൂമി വിട്ടുകൊടുക്കേണ്ടവരായിരുന്നില്ല സമരം ചെയ്തത്. വേറൊരു ഭാഗത്ത് നിന്നാണ് സമരമുണ്ടായത്. ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല സർക്കാർ ശ്രമിക്കുന്നത്. നാടിന്റെ വികസനത്തിന് ചില നടപടികൾ ആവശ്യമാണ്. അതിന്റെ പേരിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെങ്കിൽ അവരെ സഹായിക്കാൻ എന്തെല്ലാം ചെയ്യാൻ കഴിയും എന്നതാണ് സർക്കാർ നോക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഎം മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വികസനം എന്നുള്ളത് ഇന്നുള്ളിടത്ത് നിൽക്കലല്ല. അവിടെ തറച്ച് നിൽക്കലല്ല. കൂടുതൽ മുന്നേറണം. ആ മുന്നേറ്റം ഓരോ ആളുകളുടേയും ജീവിത നിലവാരത്തിലുണ്ടാകണം. അതിനാണ് വികസനം. അത്തരം സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ കൂടുതൽ ജനപിന്തുണ സ്വീകരിക്കുക എന്നത് പ്രധാനമാണെന്നും മുഖ്യമന്ത്രി സമ്മേളനത്തിൽ പറഞ്ഞു.
മുസ്ലിം ലീഗിനെതിരെ പ്രസംഗത്തിൽ മുഖ്യമന്ത്രി ആഞ്ഞടിച്ചു. വർഗീയ സംഘടനകളുമായി നേരത്തെ സഖ്യമുണ്ടാക്കിയ ലീഗ് ഇപ്പോൾ അവരുടെ ആശയങ്ങൾ ഏറ്റെടുക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹലാൽ, ലൗജിഹാദ്, മലബാർ കലാപം എന്നതിന്റെ പേരിൽ രാഷ്ട്രീയവത്കരിച്ച വർഗീയ ദ്രൂവീകരണത്തിനുള്ള ശ്രമമാണ് കേരളത്തിൽ നടത്തിയത്. വാരിയൻ കുന്നത്ത് ബ്രിട്ടീഷ് വെടിയുണ്ടയ്ക്ക് മുന്നിൽ നെഞ്ചുവിരിച്ചയാളാണെന്നും വീര സവർക്കർ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതി കൊടുത്തയാളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.