തിരൂർ/ മലപ്പുറം > ബിജെപിയുടെ അധികാരാരോഹണത്തോടെ ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടയാണ് നടപ്പാക്കുന്നതെന്നും അതിനെ കോർപ്പറേറ്റ് മാധ്യമങ്ങൾ പിന്തുണയ്ക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ . സിപിഐ എം മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. കോർപ്പറേറ്റുകളോട് അത്രയും ഉദാര സമീപനമാണ് കേന്ദ്രത്തിന്. സർക്കാർ ഖജനാവിലേക്ക് അടയ്ക്കേണ്ട അവരുടെ നികുതികളും ബാങ്കുകളിലെ കിട്ടാകടങ്ങളും എഴുതിതള്ളി അവരെ സഹായിക്കുയാണ്. ഭരണഘടനാ സ്ഥാപനങ്ങളെയും ഫെഡറലിസത്തേയും പൊതുമേഖലാ സ്ഥാപനങ്ങളേയും തകർക്കുന്ന നയം കേന്ദ്രം സ്വീകരിക്കുമ്പോൾ കുത്തക മാധ്യമങ്ങൾ ഹിന്ദുത്വ പ്രീണനമാണ് നടത്തുന്നത്.അതേസമയം വർഗീയത പറഞ്ഞു വർഗീയതയെ നേരിടാനാവില്ല. എന്നാൽ മുസ്ലീംലീഗിന് ഇപ്പോൾ ജമാ അത്തെ ഇസ്ലാമിയുടെ നിലപാടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്ത് ആർഎസ്എസ് നടപ്പാക്കുന്ന വർഗീയതക്കോ സാമ്പത്തിക നയത്തിനോ കോൺഗ്രസിന് ബദലാവാനാവില്ല. ആർഎസ്എസ് നയിക്കുന്ന ബിജെപി നർക്കാരിന്റെ ഹിന്ദുത്വ അജണ്ടയോട് എതിർപ്പില്ല എന്നാണ് കോൺഗ്രസിന്റെ നിലപാടുകൾ വ്യക്തമാക്കുന്നത്. ഹിന്ദു രാഷ്ട്രം, ഹിന്ദുസർക്കാർ എന്നിങ്ങനെയാണ് രാഹുൽ ഗാന്ധി പറയുന്നത്.
മതനിരപേക്ഷതയിൽ ഉറച്ചു നിന്നുമാത്രമേ നേരിടാൻ കഴിയൂ. സർവനാശം വിതയ്ക്കുന്ന ബിജെപി സർക്കാരിനെ ഒഴിവാക്കാൻ ഉറച്ചു നിൽക്കാൻ കോൺഗ്രസിന് കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം. അതിനാകില്ല എന്നാണ് അവർ ഹിന്ദുത്വ പ്രീണനത്തിലുടെ തെളിയിക്കുന്നത്.
മറ്റ് പാർടികൾ അധികാരത്തിൽ വരുന്നത് പോലയല്ല ആർഎസ്എസ് നയിക്കുന്ന ബിജെപി അധികാരത്തിൽ വരുന്നത്. പൗരത്വ നിയമ ഭേദഗതിയടക്കം ന്യൂപപക്ഷ വിഭാഗങ്ങൾക്കിടയിൽ വലിയ അരക്ഷിതാവസ്ഥ ഉണ്ടായിട്ടുണ്ട്. ക്രിസ്ത്യൻ പള്ളികളും സ്കൂളുകളും ആക്രമിക്കപ്പെടുന്നു. ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ളതുപോലെ പട്ടിക ജാതി വിഭാഗങ്ങൾക്ക് നേരെയും അതിക്രമങ്ങൾ കൂടുകയാണ്.
ഇത്തരം ഭൂരിപക്ഷ വർഗീയതയേ നേരിടേണ്ടത് ന്യൂനപക്ഷ വർഗീതയകൊണ്ടല്ല. മുസ്ലീം ലീഗ് അത് തിരിച്ചറിയണം. ജമാ അത്തെ ഇസ്ലാമിയുടെ സ്വരമാണിപ്പോൾ ലീഗിന്. വഖഫ് പ്രശ്നത്തിൽ അവർ നടത്തിയ റാലി അതാണ് വ്യക്തമാക്കുന്നത്. പോപ്പുലർ ഫ്രണ്ട് അടക്കമുള്ള മതസംഘടനകളോട് ലീഗ് സഖ്യമുണ്ടാക്കുന്നു. ഇതല്ല നാടിന് വേണ്ടത്. ജനാധിപത്യ മതേതരവിശ്വാസികൾ ഒന്നിച്ച് നിന്നാണ് വർഗീയതയെ എതിർക്കേണ്ടത്.
ബദൽ എന്താണ് എന്ന് 2016 മുതൽ 21വരെ കേരളം ഭരിച്ച എൽഡിഎഫ് സർക്കാരിൽനിന്ന് ജനം മനസിലാക്കിയിട്ടുണ്ട്. മഹാപ്രളയം, കോവിഡ് മഹാമാരി എന്നിങ്ങനെയുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ രാജ്യത്തെ മറ്റുഭാഗത്തെ ജനങ്ങൾ അനുഭവിച്ച ദുരിതങ്ങൾ കേരളീയർക്ക് അനുഭവിക്കേണ്ടി വന്നിട്ടില്ല. ഇടതുപക്ഷ സർക്കാർ നടപ്പാക്കിയ ഈ നയമാണ് ബദൽ.
ജനങ്ങളെ വ്യതസ്ഥ അറകളാക്കി നിർത്തുക എന്നത് വലതുപക്ഷ രാഷ്ട്രീയം ആണ്. ഒരുമയും ഐക്യവുമാണ് നാടിന്റെ വികസനത്തിന് വേണ്ടത്. കഴിച്ച 5 വർഷക്കാലം എൽഡിഎഫ് സർക്കാർ അത് നല്ല രീതിയിൽ നടപ്പാക്കി. അടിസ്ഥാന വികസനകാര്യങ്ങളിൽ നാടിന്റെ വികസനം ഉറപ്പാക്കി മുന്നോട്ട് തന്നെ പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.