നീണ്ടൂർ
അനശ്വരരായ നീണ്ടൂർ രക്തസാക്ഷികൾ സഖാക്കൾ ആലി, വാവ, ഗോപി എന്നിവരുടെ 50–-ാം രക്തസാക്ഷിത്വ വാർഷികദിനാചരണത്തിന് കൊടി ഉയർന്നു. തിങ്കൾ രാവിലെ 10 ന് പ്രാവട്ടം ചന്തമൈതാനത്ത് അനുസ്മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യും. സ്വാഗതസംഘം ചെയർമാൻ എം കെ ബാലകൃഷ്ണൻ അധ്യക്ഷനാകും.
രാവിലെ എട്ടിന് ആയിരവേലിയിൽനിന്ന് പുഷ്പാർച്ചന റാലിയും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടക്കും. ഒമ്പതിന് പൊതുപ്രകടനം ആരംഭിക്കും. ഞായർ വൈകിട്ട് വാദ്യമേളങ്ങളുടെയും ഇരുചക്ര വാഹനങ്ങളുടെയും അകമ്പടിയിൽ വിവിധയിടങ്ങളിൽനിന്ന് ദീപശിഖ, കൊടി, കൊടിമരം, കപ്പി, കയർ, ബാനർ തുടങ്ങിയവ സമ്മേളന നഗറിൽ എത്തിച്ചു.
ദീപശിഖാ റിലേ നീലിമംഗലം ദാമോദരന്റെ ബലികുടീരത്തിൽനിന്ന് കെ എൻ വേണുഗോപാൽ ഉദ്ഘാടനംചെയ്തു. കൊടി പുളിങ്കാലായിൽ പി കെ ഗൗരിയുടെ സ്മൃതിമണ്ഡപത്തിൽനിന്ന് പി ഡി ബാബു ഉദ്ഘാടനംചെയ്തു. കൊടിമരം ഓണംതുരുത്ത് പടിഞ്ഞാറേനടയിൽനിന്ന് പി വി സുകുമാരൻ ഉദ്ഘാടനംചെയ്തു. ബാനർ വി ഷീജ ഉദ്ഘാടനംചെയ്തു.
കപ്പി –-കയർ പി ബി രമേശൻ ഉദ്ഘാടനംചെയ്തു. ജാഥകൾ 5.30 ന് നീണ്ടൂരിൽ സമാപിച്ചു. പൊതുസമ്മേളനനഗറിൽ രക്തസാക്ഷി ഗോപിയുടെ കുടുംബാംഗം ചന്ദ്രമതി പതാക ഉയർത്തി. സാംസ്കാരിക സമ്മേളനം പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. സി രാവുണ്ണി ഉദ്ഘാടനംചെയ്തു.