മലപ്പുറം
സിപിഐ എം 23–-ാം പാർടി കോൺഗ്രസിന് മുന്നോടിയായി മലപ്പുറം, പത്തനംതിട്ട ജില്ലാ സമ്മേളനങ്ങൾ തിങ്കളാഴ്ച തുടങ്ങും. മലപ്പുറം ജില്ലാ സമ്മേളനത്തിന് പൊതുസമ്മേളന നഗരിയായ തിരൂർ മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ മന്ത്രി വി അബ്ദുറഹ്മാൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം തിങ്കൾ രാവിലെ 10ന് പി പി അബ്ദുള്ളക്കുട്ടി നഗറിൽ (വാഗൺ ട്രാജഡി ടൗൺ ഹാൾ) പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ വിജയരാഘവൻ, ഇ പി ജയരാജൻ, പി കെ ശ്രീമതി, എളമരം കരീം, മന്ത്രി കെ രാധാകൃഷ്ണൻ, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ബേബി ജോൺ, ടി പി രാമകൃഷ്ണൻ എന്നിവർ പങ്കെടുക്കും. പതിനാറ് ഏരിയകളിൽനിന്നുള്ള 170 പ്രതിനിധികളും 34 ജില്ലാ കമ്മിറ്റി അംഗങ്ങളും പങ്കെടുക്കും. പൊതുസമ്മേളനം ബുധൻ വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.
പത്തനംതിട്ട ജില്ലാ സമ്മേളനം രാവിലെ 10ന് പി കെ കുമാരൻ നഗറില്‍ (അടൂർ മാർത്തോമ്മാ യൂത്ത് സെന്റര്‍) പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രൻപിള്ള ഉദ്ഘാടനംചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ വൈക്കം വിശ്വൻ, ഡോ. ടി എം തോമസ് ഐസക്, കെ കെ ശൈലജ, എ കെ ബാലൻ, സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ, എം എം മണി, കെ ജെ തോമസ്, കെ എൻ ബാലഗോപാൽ എന്നിവർ പങ്കെടുക്കും.
പൊതുസമ്മേളനം ബുധൻ വൈകിട്ട് നാലിന് പി ബി സന്ദീപ് കുമാർ നഗറിൽ (കെഎസ്ആര്‍ടിസി ജങ്ഷന്) കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യും.