കോട്ടയം
സുരക്ഷിതമായി കിടക്കാൻ ഇടമില്ലാത്തവർക്ക് വീട് നിർമിച്ചുനൽകുകയെന്ന സിപിഐ എമ്മിന്റെ ദൗത്യം പൂർത്തീകരണത്തിലേക്ക്. ഇതുവരെ നിർമിച്ചുനൽകിയ 94 വീടുകൾക്ക് പുറമെ, അവസാനമായി പൂർത്തീകരിച്ച ഒമ്പത് വീടുകളുടെ താക്കോൽദാനം തിങ്കളാഴ്ച നടക്കും. പകൽ 11ന് കോട്ടയം പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ താക്കോൽദാനം നിർവഹിക്കുമെന്ന് ജില്ലാ സെക്രട്ടറി എ വി റസൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതോടെ ആകെ വീടുകളുടെ എണ്ണം 103 ആകും.
2018ലെ സംസ്ഥാന സമ്മേളനത്തിലെ ആഹ്വാനപ്രകാരമാണ് ജില്ലയിൽ 100 വീടുകൾ നിർമിച്ചുനൽകാൻ തീരുമാനിച്ചത്. 17 വീടുകൾ ഇപ്പോൾ നിർമാണത്തിലുമുണ്ട്. ഇതുകൂടി പൂർത്തിയാകുമ്പോൾ ജില്ലയിൽ നിർമിച്ചുനൽകുന്ന വീടുകളുടെ എണ്ണം 120 ആകും.
കൂട്ടിക്കലിലെ ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് സിപിഐ എം വീട് നിർമിച്ചുനൽകുമെന്ന് ജില്ലാ സെക്രട്ടറി എ വി റസൽ അറിയിച്ചു. 25 വീടുകൾ നിർമിക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. 30 വീടുകൾ നിർമിക്കാവുന്ന നിലയിലാണ് ഇപ്പോൾ. ഇതിന്റെ പ്രവർത്തനങ്ങൾ ഫെബ്രുവരിയിൽ തുടങ്ങും.