കൊച്ചി: കിഴക്കമ്പലത്തെ അന്യസംസ്ഥാന തെഴിലാളികളുടെ ആക്രമണത്തിൽ 24 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ്.സംഭവത്തിൽ പങ്കാളികളായവരെ തിരിച്ചറിയാൻ ശ്രമം നടക്കുകയാണെന്നും കൂടുതൽ അറസ്റ്റ് ഉടനുണ്ടാകുമെന്നും എസ്പികെ. കാർത്തിക്പറഞ്ഞു. നൂറിലേറെ പേർ ഇപ്പോൾ പോലീസിന്റെ കസ്റ്റഡിയിലുണ്ട്.
അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കിറ്റക്സിലെ ഇതരസംസ്ഥാന തൊഴിലാളികൾക്കെതിരെ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സിഐ ഉൾപ്പടെയുള്ളവരെ ആക്രമിച്ച സംഭവത്തിൽ വധശ്രമ കേസും പൊതുമുതൽ നശിപ്പിക്കൽ കേസുമാണ് ഇവർക്കെതിരെ എടുത്തിരിക്കുന്നത്.
രണ്ട് കേസുകളിലായാണ് 24 പേരെ അറസ്റ്റ് ചെയ്തത്. വധശ്രമക്കേസിൽ 18ഉം പോലീസ് വാഹനം കത്തിച്ച കേസിൽ ആറുപേരെയുമാണ് അറസ്റ്റ്ചെയ്തിരിക്കുന്നത്. വരും മണിക്കൂറുകളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണ് വിവരം.
രാത്രി 12 മണിയോടെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലുണ്ടായ സംഘർഷം പോലീസിനു നേരെയും നാട്ടുകാർക്കു നേരെയും വ്യാപിക്കുകയായിരുന്നു. തൊഴിലാളികൾ ഒരു പോലീസ് ജീപ്പിന് തീവെക്കുകയും നിരവധി പേരെ ആക്രമിക്കുകയും ചെയ്തു. പിന്നീട് 100-ൽ അധികം തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
കിഴക്കമ്പലം കിറ്റക്സിലെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലാണ് സംഭവമുണ്ടായത്. ക്രിസ്മസുമായി ബന്ധപ്പെട്ട ആഘോഷത്തിനിടെ തൊഴിലാളികൾക്കിടയിൽ ഏറ്റുമുട്ടൽ ഉണ്ടാകുകയായിരുന്നു. പോലീസ് കൺട്രോൾ റൂമിൽ ലഭിച്ച വിവരമനുസരിച്ച് സംഭവം അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയും തൊഴിലാളികൾ ആക്രമണം അഴിച്ചുവിടുകയായിരുന്നു.
Content Highlights:twenty four arrested in kizhakkambalam attacks