കൊല്ലം > പുഴയിൽ മുങ്ങിത്താഴ്ന്ന സുഹൃത്തുക്കളെ രക്ഷിക്കുന്നതിനിടെ മലയാളി വിദ്യാർഥി ബംഗളൂരുവിൽ മുങ്ങിമരിച്ചു. കരിക്കോട് ചൈത്രത്തിൽ പൊന്നന്റെയും റാണിയുടെയും മകൻ നവീൻ (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബംഗളൂരു കമനഹള്ളിയിൽ മുഷ്താക്കിന്റെ മകൻ മുജാഹിദ് പാഷ (22)യും മരിച്ചു.
ക്രിസ്മസ് ദിനത്തിൽ ബംഗളൂരുവിലെ തുംകൂർ ഉദിക്കരയിൽ പകൽ 3.15നായിരുന്നു അപകടം. കൂട്ടുകാരുമൊത്ത് അവധി ആഘോഷിക്കാൻ എത്തിയതായിരുന്നു നവീനും സുഹൃത്തുക്കളും. ഒമ്പതുപേർ അടങ്ങിയ സംഘത്തിൽ ആറുപേരും മലയാളികളായിരുന്നു. ഇവർ കുട്ടവഞ്ചിയിൽ സഞ്ചരിക്കുന്നതിനിടെ ആന്ധ്രപ്രദേശ് സ്വദേശികളായ സുഹൃത്തുക്കൾ നദിയിലേക്കു വീണു. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ നവീൻ മുങ്ങിത്താഴുകയായിരുന്നു. രണ്ടുമണിക്കൂറിനു ശേഷമാണ് മൃതദേഹം കണ്ടുകിട്ടിയത്.
സംസ്കാരം തിങ്കൾ രാവിലെ 10ന് വീട്ടുവളപ്പിൽ. സഹോദരൻ: പ്രവീൺകുമാർ പൊന്നൻ (വിദ്യാർഥി, ഹൈദരാബാദ്). കുവൈത്തിൽ വർഷങ്ങളായി ജോലിചെയ്യുന്ന നവീന്റെ അച്ഛൻ പൊന്നനും അമ്മ ഗിരിജയും പ്രവാസജീവിതം മതിയാക്കി ഈ മാസം 30ന് നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.