കാസർകോട് > കാസർകോട് ജില്ലയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മുന്നേറ്റത്തിൽ പുതിയ ചരിത്രം. സിപിഐ എമ്മിന്റെ പുതിയ ജില്ലാ കമ്മിറ്റി ഓഫീസ് കെട്ടിടം എ കെ ജി മന്ദിരം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിയും പൊളിറ്റ്ബ്യൂറോ അംഗവുമായ പിണറായി വിജയൻ ഉദ്ഘാടനംചെയ്തു. വിദ്യാനഗർ ചാല റോഡിൽ 42 സെന്റ് സ്ഥലത്ത് 32,000 ചതുരശ്രയടി വിസ്തൃതിയിൽ ആധുനിക സംവിധാനങ്ങളുള്ളതാണ് ഓഫീസ്.
ചടങ്ങിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷനായി. പിണറായി വിജയൻ പതാക ഉയർത്തി. സി കൃഷ്ണൻ നായർ സ്മാരക ഹാൾ കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരൻ ഉദ്ഘാടനംചെയ്തു. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ വിജയരാഘവൻ ചരിത്രശിൽപ്പവും ഇ പി ജയരാജൻ സാമൂഹ്യ ചിത്രശിൽപ്പവും അനാഛാദനംചെയ്തു. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി കെ ശ്രീമതി ഗ്രന്ഥാലയം ഉദ്ഘാടനവും കെ കെ ശൈലജ ഫോട്ടോ അനാഛാദനവും എം വി ഗോവിന്ദൻ മീഡിയ റൂം ഉദ്ഘാടനവും നിർവഹിച്ചു. ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ എം വി ജയരാജൻ, പി ജയരാജൻ, ടി വി രാജേഷ്, സി എച്ച് കുഞ്ഞമ്പു എംഎൽഎ, എ കെ ജിയുടെ മകൾ ലൈല കരുണാകരൻ എന്നിവർ പങ്കെടുത്തു. ഉദ്ഘാടനത്തിന് ജില്ലയുടെ നാനാഭാഗങ്ങളിൽനിന്ന് ആളുകളെത്തി. വിദ്യാനഗർ ദേശീയപാതയ്ക്കരികിൽ സജ്ജമാക്കിയ മൈതാനത്തായിരുന്നു പൊതുയോഗം.