കൊച്ചി: കിഴക്കമ്പലം സംഭവത്തിൽ വിശദീകരണവുമായി കിറ്റക്സ് കമ്പനി എം.ഡി. സാബു ജേക്കബ്. നാൽപ്പതിൽ താഴെ തൊഴിലാളികൾ മാത്രമാണ് കുറ്റക്കാർ. എന്നാൽ 155 പേരെയാണ് പോലീസ് പിടിച്ചുകൊണ്ടുപോയതെന്ന് സാബു ജേക്കബ് പറഞ്ഞു. വാർത്താക്കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
Read More:കിറ്റക്സിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ ആക്രമണം: പോലീസുകാർക്ക് പരിക്ക്, വാഹനം കത്തിച്ചു
നാൽപ്പതിൽ താഴെ തൊഴിലാളികൾ മാത്രമാണ് അക്രമസംഭവത്തിന് പിന്നിൽ. എന്നാൽ 155 പേരെ പോലീസ് പിടിച്ചുകൊണ്ടുപോയി. എല്ലാവരും കുറ്റക്കാരാണെന്ന് കരുതുന്നില്ല. പോലീസ് വാഹനം തീവെച്ചു നശിപ്പിച്ചയാളെ കിറ്റക്സ് കമ്പനി തന്നെയാണ് പിടികൂടി പോലീസിനെ ഏൽപിച്ചത്. അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
കുറ്റക്കാരായ ഒരു തൊഴിലാളിയെയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും കമ്പനിതൊഴിലാളികൾക്ക് ലഹരിവസ്തു ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിക്കണം തുടങ്ങിയ കാര്യങ്ങളും വാർത്താക്കുറിപ്പിൽ പറയുന്നുണ്ട്. തിങ്കളാഴ്ച സംഭവത്തെ കുറിച്ചുള്ള വിശദീകരണം കമ്പനി നൽകുമെന്നാണ് വിവരം.
ശനിയാഴ്ച രാത്രി 12 മണിയോടെയാണ് കിഴക്കമ്പലത്ത് സംഘർഷമുണ്ടായത്. കിറ്റക്സ് കമ്പനിയിലെ തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലായിരുന്നു സംഭവം. ക്രിസ്മസുമായി ബന്ധപ്പെട്ട ആഘോഷത്തിനിടെ തൊഴിലാളികൾക്കിടയിൽ ഏറ്റുമുട്ടൽ ഉണ്ടാകുകയായിരുന്നു. പോലീസ് കൺട്രോൾ റൂമിൽ ലഭിച്ച വിവരമനുസരിച്ച് സംഭവം അന്വേഷിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയും തൊഴിലാളികൾ ആക്രമണം അഴിച്ചുവിട്ടു. പോലീസുകാർക്ക് ക്രൂരമായ മർദനമേറ്റു. തൊഴിലാളികൾ പോലീസ് ജീപ്പ് അഗ്നിക്കിരയാക്കുകയും ചെയ്തു. കുന്നത്തുനാട് പോലീസ് സ്റ്റേഷനിലെ ജീപ്പാണ് അഗ്നിക്കിരയാക്കിയത്. പോലീസുകാർ ജീപ്പിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. വാഹനം പൂർണമായും കത്തിനശിച്ചു. കുന്നത്തുനാട് സി.ഐ, എ.എസ്.ഐ ഉൾപ്പെടെ നാല് പോലീസുകാർക്കും പരിക്കേറ്റു.
content highlights:kitex md sabu jacob on migrant labours violence and attack against police