കൊച്ചി > കിഴക്കമ്പലം കിറ്റെക്സ് കമ്പനിയുടെ ലേബർ ക്യാമ്പിൽ അനധികൃതമായി താമസിപ്പിച്ചിരിക്കുന്ന ക്രിമിനലുകളുടെ വിവരം പുറത്തുവിടണമെന്ന് സിപിഐ എം കോലഞ്ചേരി ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. തൊഴിൽ മാനദണ്ഡങ്ങളും ഫാക്ടറി നിയമവും പാലിക്കാതെയാണ് ആയിരക്കണക്കിന് തൊഴിലാളികളെ കമ്പനിക്കു ചുറ്റും മാനേജ്മെന്റ് അനധികൃതമായി താമസിപ്പിച്ചിരിക്കുന്നത്. ക്യാമ്പിനകത്ത് സർക്കാർവകുപ്പുകളുടെ പരിശോധന മാനേജ്മെന്റ് അനുവദിക്കാറില്ല.
തൊഴിലാളികളുടെ രേഖകൾ തൊഴിൽവകുപ്പിന് കൈമാറിയിട്ടില്ല. ശനി രാത്രിയിലെ സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസിനെ സെക്യൂരിറ്റി ഗുണ്ടകളും തൊഴിലാളികളും ചേർന്ന് വധിക്കാൻ ശ്രമിക്കുകയായിരുന്നു. നാട്ടുകാർ ഇടപെട്ടാണ് പൊലീസുകാരെ യഥാസമയം ആശുപത്രിയിൽ എത്തിച്ചത്. കരുതിക്കൂട്ടിയുള്ള ആക്രമണമാണ് പൊലീസുകാർക്കും വാഹനങ്ങൾക്കും നേരെ നടന്നത്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ലേബർ ക്യാമ്പിൽ താമസിപ്പിച്ചിരിക്കുന്ന ക്രിമിനലുകളെക്കുറിച്ച് അന്വേഷണം നടത്തണമെന്നും ഏരിയ സെക്രട്ടറി സി കെ വർഗീസ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.