ന്യൂഡല്ഹി> പട്ടാളത്തിന് പ്രത്യേക അവകാശം നല്കുന്ന നിയമമായ അഫ്സ്പ പിന്വലിക്കുന്നത് പരിശോധിക്കാന് കേന്ദ്രസര്ക്കാര് പ്രത്യേക സമിതിയെ നിയോഗിച്ചു. 45 ദിവസത്തിനകം സമിതി കേന്ദ്രത്തിന് റിപ്പോര്ട്ട് സമര്പ്പിക്കണം. നാഗാലാന്റിലെ സാഹചര്യം ചര്ച്ച ചെയ്യാന് ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയില് ചേര്ന്ന യോഗത്തിലാണ് തീരുമാനം. റിപ്പോര്ട്ട് പരിശോധിച്ച ശേഷമായിരിക്കും നാഗാലാന്റില് അഫ്സ്പ പിന്വലിക്കലില് തീരുമാനമെടുക്കുക.
ആഭ്യന്തര വകുപ്പ് അഡീഷണല് സെക്രട്ടറിയാണ് സമിതി അധ്യക്ഷന്. അഫ്സ്പ പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട് നാഗാലാന്റ് സര്ക്കാര് കേന്ദ്രത്തിന് കത്തയച്ചിരുന്നു. നാഗാലാന്റില് സൈന്യത്തിന്റെ വെടിവെപ്പില് 14 ഗ്രാമീണര് കൊല്ലപ്പെട്ടതിനെ തുടര്ന്നാണ് അഫ്സ്പ പിന്വലിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായത്. സംശയം തോന്നുന്ന ആരെയും അനുമതിയില്ലാതെ വെടിവെക്കാന് സൈന്യത്തിന് പ്രത്യേക അധികാരം നല്കുന്ന നിയമമാണ് അഫ്സ്പ
നാഗാലാന്റ്, അസം മുഖ്യമന്ത്രിമാരുമായി വ്യാഴാഴ്ച രാത്രി ആഭ്യന്തരമന്ത്രി അമിത് ഷാ ചര്ച്ച നടത്തിയിരുന്നു. അഫ്സ്പ പിന്വലിക്കണമെന്നാണ് നാഗാലാന്റ് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും യോഗത്തില് ആവശ്യപ്പെട്ടത്. എന്നാല് അസം മുഖ്യമന്ത്രി അഫ്സ്പയെ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് റിപ്പോര്ട്ട്.