എസ്എസ്എൽസി പരീക്ഷയ്ക്ക് ഏതൊക്കെ പാഠഭാഗം ഉൾപ്പെടുത്തണമെന്നതു സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കും. കഴിഞ്ഞ വർഷം 40 ശതമാനം പാഠഭാഗങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. ഇക്കുറി 60 ശതമാനം പാഠഭാഗം ഉൾപ്പെടുത്തണമെന്ന നിർദ്ദേശമാണ് പരിഗണനയിലുള്ളത്.
നിലവിൽ ഹയർസെക്കന്ററി, വിഎച്ച്എസ്ഇ രണ്ടാം വർഷക്കാരുടെ പാഠഭാഗങ്ങൾ പകുതി പോലും പഠിപ്പിച്ചു തീർന്നിട്ടില്ല. പ്ലസ് വൺ പരീക്ഷ നീണ്ടുപോയതോടെ ഒന്നര മാസക്കാലം പ്ലസ് ടു വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നഷ്ടമായിരുന്നു. ജനുവരി 31 മുതൽ ഫെബ്രുവരി നാല് വരെ ഇംപ്രൂവ്മെന്റ് പരീക്ഷ നടക്കുന്നതിനാൽ രണ്ടാഴ്ചത്തോളം ക്ലാസ് ഉണ്ടാവില്ല.
മാർച്ചിൽ പരീക്ഷ നടത്തണമെങ്കിൽ ഫെബ്രുവരി 15 നകം പാഠഭാഗങ്ങൾ പൂർത്തിയാക്കേണ്ടി വരും. ബാച്ച്, ഷിഫ്റ്റ് നിയന്ത്രണങ്ങൾ തുടരുന്നതിനാൽ ഈ സമയത്തിനുള്ളിൽ പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കാൻ സാധിക്കില്ലെന്നാണ് അധ്യാപകർ പറയുന്നത്. അതേസമയം പത്താം ക്ലാസുകാരുടെ പാഠഭാഗങ്ങൾ 75 ശതമാനത്തിലേറെ പഠിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.