തിരുവനന്തപുരം: കെ-റെയിൽ വിഷയത്തിൽ പാർട്ടി നിലപാടിന് വിരുദ്ധമായ നിലപാട് സ്വീകരിച്ച ശശി തരൂരിന് താക്കീതുമായി കെ.പി.സി.സി. ശശി തരൂർ പാർട്ടിക്ക് വിധേയനായില്ലെങ്കിൽ പാർട്ടിയിൽ ഉണ്ടാവില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു.
കെ-റയിലിൽ മറുപടി എഴുതിത്തരാൻ തരൂരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി ഒരു തീരുമാനമെടുത്താൽ പാർട്ടിയുടെ എല്ലാ എം.പിമാരും അത് അംഗീകരിക്കണം. ശശി തരൂരിന് മറ്റെന്തെങ്കിലും അജണ്ടയുണ്ടെന്നോ പാർട്ടിയിൽ നിന്ന് അകന്നുവെന്നോ അഭിപ്രായമില്ല.
പി.ടി തോമസിനെ പാർട്ടി ഒരിക്കലും തഴഞ്ഞിട്ടില്ല. വിജയസാധ്യത കുറവായതിനാലാണ് ഇടുക്കി സീറ്റ് നൽകാതിരുന്നത്. സാമുദായിക സംഘടനകളെ പരിഗണിക്കാതെ ഇക്കാലത്ത് ഒരു രാഷ്ട്രീയ പാർട്ടികൾക്കും മുന്നോട്ട് പോകാനാകില്ല. ഗാഡ്ഗിൽ കമ്മറ്റി റിപ്പോർട്ടിൽ വെള്ളംചേർത്തത് തെറ്റായിപ്പോയെന്ന് ഇപ്പോൾ തോന്നുന്നു. നമ്മുടെ നാടിന്റെ പോക്ക് അങ്ങോട്ടാണ്.
പെൺകുട്ടികളുടെ വിവാഹപ്രായം വർധിപ്പിക്കുന്ന വിഷയത്തിൽ കോൺഗ്രസ് ഔദ്യോഗികമായി ഒരു നിലപാടിലെത്തിയിട്ടില്ല. ഞങ്ങൾ വിഷയം പഠിച്ചുകൊണ്ടിരിക്കുകയാണ്. വിവാഹപ്രായം 21 വയസ്സാക്കുന്നതിൽ ഗുണവും ദോഷവുമുണ്ടെന്നും കെ. സുധാകരൻ പറഞ്ഞു.
Content Highlights: Shashi Tharoor,K Sudhakaran, K Rail